ശാസ്ത്രദൗത്യങ്ങൾക്കപ്പുറത്ത് സാധാരണക്കാരെ ബഹിരാകാശം കാണിക്കാനും വാണിജ്യാടിസ്ഥാനത്തിൽ യാത്രകൾ സംഘടിപ്പിക്കാനും മൂന്നു ശതകോടീശ്വരർ തമ്മിലുള്ള മത്സരം തകൃതിയാണ്. ഈ രംഗത്തെ ഭാവി നിർണയിക്കുന്നതും ഇവരായിരിക്കും. സ്വന്തംനിലയ്‍ക്ക് ബഹിരാകാശം കണ്ടുവന്ന് റിച്ചഡ് ബ്രാൻസൻ കൈയടി നേടി. ലോകത്തെ ഏറ്റവും സമ്പന്നനും ആമസോൺ സഹസ്ഥാപകനുമായ ജെഫ് ബെസോസ് സ്വന്തം ബഹിരാകാശക്കമ്പനിയായ ബ്ലൂ ഒറിജിന്റെ വാഹനത്തിൽ ജൂലായ് 20-ന് സ്വപ്നസാക്ഷാത്‌കാരത്തിന് കാത്തിരിക്കുന്നു.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്രികരെ എത്തിക്കാൻ നാസയെ സഹായിച്ച സ്പേസ് എക്സ് സ്ഥാപകൻ എലൺ മസ്കാവട്ടെ, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ എത്തിക്കാനുള്ള സ്റ്റാർഷിപ്പ് പദ്ധതിക്കു പിറകെയാണ്. എന്തൊക്കെയായാലും ബഹിരാകാശസ്വപ്നം തുടക്കത്തിൽ കോടീശ്വരന്മാർക്കുമാത്രമേ സഫലമാകൂ. മത്സരങ്ങൾ കൂടുന്നതിനൊത്ത് ബഹിരാകാശയാത്രയ്‍ക്കും വരുംഭാവിയിൽ ചെലവുകുറയുമെന്ന് പ്രതീക്ഷിക്കാം.
റിച്ചഡ് ബ്രാൻസൻ തുടങ്ങിവെച്ചത്
ജെഫ് ബെസോസ് ബഹിരാകാശയാത്ര പ്രഖ്യാപിച്ചതിനു പിന്നാലെ പൊടുന്നനെയാണ് താൻ ബഹിരാകാശത്തേക്കു പോകുമെന്ന് ബ്രാൻസൻ പറഞ്ഞത്. അതും ബെസോസിനെക്കാൾ ഒൻപതുദിവസംമുമ്പേ. ഭാവിയിൽ ബെസോസിനോടും മസ്കിനോടും മല്ലിട്ടുനിൽക്കാൻ എത്രത്തോളമാകുമെന്നുറപ്പില്ലെങ്കിലും ബഹിരാകാശം തൊട്ട ആദ്യ ശതകോടീശ്വരനെന്ന നേട്ടം ബ്രാൻസനു സ്വന്തമായി. വെർജിൻ ഗലാക്റ്റിക് എന്ന തന്റെ ബഹിരാകാശക്കമ്പനിയുടെ വി.എസ്.എസ്. യൂണിറ്റി റോക്കറ്റ് വിമാനത്തിൽ എഴുപതുകാരൻ ബ്രാൻസൻ നടത്തിയ യാത്ര ബഹിരാകാശ വിനോദസഞ്ചാരമേഖലയിൽ പുതുചുവടുവെപ്പായി.
ഇന്ത്യൻവംശജ സിരിഷ ബാൻഡ്ലയും ബ്രാൻസനുമടങ്ങുന്ന ആറംഗസംഘം ജൂലായ് 11-ന് ബഹിരാകാശംതൊട്ട് ഭൂമിയിൽ തിരിച്ചെത്തി. 11 മിനിറ്റോളം ബഹിരാകാശം ആസ്വദിച്ചു മൂന്നു മിനിറ്റ് നേരത്തെ ഭാരമില്ലായ്മയും. ഒന്നര മണിക്കൂർകൊണ്ട് യാത്രയവസാനിച്ചു. യൂണിറ്റി 22 (യൂണിറ്റി എന്നു പേരിട്ടത് ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങാണ്) എന്നാണ് പരീക്ഷണപ്പറക്കലിനു പേരിട്ടത്. പൈലറ്റുമാരായ ഡേവ് മക്കേ, മൈക്കൽ മസൂച്ചി, ഗലാക്റ്റിക്കിലെ ബെഥ് മോസസ്, കൊളിൻ ബെന്നെറ്റ് എന്നിവരായിരുന്നു മറ്റ് യാത്രികർ.
ബ്രാൻസന്റെ നീണ്ട പതിനേഴുവർഷത്തെ കാത്തിരിപ്പാണിവിടെ സഫലമായത്. ഭാവിയിൽ ദിവസേനയെന്നോണം ബഹിരാകാശയാത്രകൾ സംഘടിപ്പിക്കുകയാണ് വെർജിൻ ഗലാക്റ്റിക്കിന്റെ ലക്ഷ്യം. അറുപത് രാജ്യങ്ങളിൽനിന്നായി സമ്പന്നരും സെലിബ്രിറ്റികളുമടങ്ങുന്ന 600-ഓളം പേർ യാത്രയിൽ പങ്കാളിയാവാൻ ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തു. എലൺ മസ്കും ഇതിൽപ്പെടും. രണ്ടുലക്ഷംമുതൽ രണ്ടരലക്ഷം ഡോളർ വരെയാണ് ടിക്കറ്റ് ചാർജ്.
വെർജിൻ ഗലാക്റ്റിക്
ഭാരം കുറഞ്ഞ ആകാശവാഹനങ്ങൾ നിർമിക്കുന്ന ബർട്ട് റൂട്ടൻ എന്ന അമേരിക്കൻ ഏറോസ്പേസ് എൻജിനിയർക്കൊപ്പം 2004-ൽ ബ്രാൻസൻ വെർജിൻ ഗലാക്റ്റിക് സ്പേസ്ഷിപ്പ് കമ്പനി തുടങ്ങി. വിനോദ ബഹിരാകാശ യാത്രകളായിരുന്നു ലക്ഷ്യം. യൂണിറ്റി 22 ദൗത്യം ആളുകളെയും വഹിച്ചുകൊണ്ടുള്ള കമ്പനിയുടെ നാലാമത്തെ ബഹിരാകാശ യാത്രയായിരുന്നു.
ഇനിയും മൂന്നു പരീക്ഷണമെങ്കിലും പൂർത്തിയാക്കിയാലേ സാധാരണക്കാരെ എത്തിച്ചുതുടങ്ങൂ. 2007-ൽ ആദ്യസംഘത്തെ ബഹിരാകാശത്തേക്ക് അയക്കാൻ ബ്രാൻസൻ കരുതിയെങ്കിലും പരീക്ഷണങ്ങൾക്കിടെയുണ്ടായ അപകടത്തിൽ മൂന്ന് ജീവനക്കാർ മരിച്ചു. 2013-ൽ വി.എസ്.എസിന്റെ ആദ്യത്തെ സൂപ്പർസോണിക് ബഹിരാകാശ വാഹനപരീക്ഷണത്തിനിടെയും അപകടമുണ്ടായി സഹപൈലറ്റ് മരിച്ചു. ഇന്ന് വെർജിൻ ഗലാക്റ്റിക്കിൽ 400-ഓളം കമ്പനികൾക്ക് ഓഹരിയുണ്ട്.
സിരിഷ- ഇന്ത്യയുടെ അഭിമാനം
ബഹിരാകാശം തൊടുന്ന മൂന്നാം ഇന്ത്യൻ വംശജയാണ് ഏറോനോട്ടിക്കൽ എൻജിനിയറായ സിരിഷ ബാൻഡ്ല (34). കല്പനാ ചൗളയും സുനിതാ വില്യംസുമാണ് മുമ്പേനടന്നവർ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച സിരിഷ മാതാപിതാക്കൾക്കൊപ്പം അഞ്ചാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറി. 2015-ൽ വെർജിൻ ഗലാക്റ്റിക്കിൽ ചേർന്നു.
ആദ്യ ബഹിരാകാശ വിനോദസഞ്ചാരി ഡെന്നിസ് ടിറ്റോ
റഷ്യയുടെ റോസ്കോസ്മോസാണ് ടൂറിസം ലക്ഷ്യമിട്ട് ആദ്യമായി ബഹിരാകാശത്തേക്ക് സഞ്ചാരിയെ അയച്ചത്. 2001-ൽ റഷ്യൻ സോയുസ് റോക്കറ്റിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയ യു.എസ്. ലക്ഷപ്രഭു ഡെന്നിസ് ടിറ്റോയാണ് ആ വിനോദസഞ്ചാരി. തുടർന്ന് 2009 വരെയുള്ള കാലഘട്ടത്തിൽ റഷ്യയിൽനിന്ന് എട്ടുതവണ സന്ദർശകർ പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ബ്രാൻസൻ പോയത് ബഹിരാകാശത്തു തന്നെയോ
ഭൂമിയിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള കാർമൻ രേഖയാണ് ബഹിരാകാശത്തിന്റെ അതിർത്തിയായി പൊതുവേ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ബ്രാൻസൻ 89 കിലോമീറ്റർ മാത്രമാണ് പോയത്. എന്നാൽ, 80 കിലോമീറ്റർ ഉയരത്തിലുള്ള ആംസ്ട്രോങ് രേഖ കടന്നുള്ള എല്ലാ യാത്രയും ബഹിരാകാശയാത്രയാണെന്ന് നാസ കണക്കാക്കുന്നു. ബെസോസിന്റെ യാത്രയിൽ കാർമൻ രേഖയ്‍ക്കുമപ്പുറം യാത്ര നീളുമെന്നാണ് പ്രഖ്യാപനം.
ബെസോസ് പുറപ്പെടുന്നത് ജൂലായ് 20-ന്
ജെഫ് ബെസോസിന്റെ സ്വന്തം ബഹിരാകാശ കമ്പനിയാണ് ബ്ലൂ ഒറിജിൻ. ബ്ലൂ ഒറിജിന്റെ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യ ബഹിരാകാശവാഹനമായ ന്യൂ ഷെപ്പേഡ് റോക്കറ്റ് ഷിപ്പിൽ ബെസോസും സഹോദരൻ മാർക്ക് ബെസോസും ജൂലായ് 20-ന് ബഹിരാകാശത്തേക്ക് പോകും. ബെസോസിന്റെ പ്രത്യേകക്ഷണപ്രകാരം വാലി ഫങ് എന്ന എൺപത്തിയെട്ടുകാരിയായ വൈമാനികയും ഒപ്പംപോകുന്നുണ്ട്.
ആറു പതിറ്റാണ്ടോളം ബഹിരാകാശസ്വപ്നം കൊണ്ടുനടന്ന വാലി ഫങ് ബഹിരാകാശയാത്ര നടത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി കൂടിയായിരിക്കും. 208 കോടി രൂപയ്‍ക്ക് നാലാമത്തെ സീറ്റ് ലേലത്തിൽ പിടിച്ചയാളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റോക്കറ്റും പേടകവും അടങ്ങുന്നതാണ് ന്യൂ ഷെപ്പേഡ് സംവിധാനം. ആറു യാത്രക്കാർക്കു സഞ്ചരിക്കാനാകുന്ന പേടകം ബഹിരാകാശ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ രൂപകല്പന ചെയ്തതാണ്.
ഭൗമോപരിതലത്തിനുമുകളിൽ നൂറു കിലോമീറ്റർ ദൂരംവരെ സംഘം സഞ്ചരിക്കും. യാത്ര പത്തുമിനിറ്റോളം നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെയും ബഹിരാകാശത്തിന്റെയും അന്തരീക്ഷങ്ങളെ വേർതിരിക്കുന്ന കാർമൻ രേഖയുടെ മുകളിൽ നാലുമിനിറ്റ് സംഘം ചെലവിടും. 2000-ത്തിലാണ് ബ്ലൂ ഒറിജിൻ സ്ഥാപിക്കുന്നത്. 2015-ൽ ന്യൂ ഷെപ്പേഡ് പേടകത്തിന്റെ പരീക്ഷണങ്ങൾ തുടങ്ങി. ഭാവിയിൽ ബഹിരാകാശയാത്രയ്‍ക്കുള്ള ടിക്കറ്റ് ചാർജ് എത്രയായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
സ്റ്റാർഷിപ്പുമായി മസ്ക്
ചൊവ്വയിൽ ഗ്രാമങ്ങളുണ്ടാക്കുകയാണ് എലൺ മസ്കിന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോവാൻ ലക്ഷ്യമിട്ട് വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണ് സ്റ്റാർഷിപ്പ് (2016). സ്റ്റാർഷിപ്പ് എന്ന പേടകവും സൂപ്പർ ഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണ് സംവിധാനം. ഒരേസമയം 100 പേരെയും അവർക്കാവശ്യമായ ടൺ കണക്കിന് വസ്തുക്കളും കൊണ്ടുപോകാനാവും. 394 അടി ഉയരമുള്ള ഈ റോക്കറ്റിന് 30 അടി വ്യാസമാണുള്ളത്.
ഇന്ന് നിലവിലുള്ള റോക്കറ്റുകളെക്കാൾ വലുതും കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ളതുമാണ് സ്റ്റാർഷിപ്പ്. അതേസമയം, സ്റ്റാർഷിപ്പ് റോക്കറ്റുകൾ പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ബഹിരാകാശത്തുപോയി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കുക ലക്ഷ്യമിട്ടുള്ള റോക്കറ്റുകളുടെ പരീക്ഷണങ്ങളിലേറെയും പരാജയപ്പെട്ടിരിക്കുകയാണ്. എന്നാൽ, ഏറ്റവുമൊടുവിൽ നടന്ന പരീക്ഷണം ഭാഗികവിജയമായിരുന്നെന്നു പറയാം. സുരക്ഷിതമായി ലാൻഡ് ചെയ്തശേഷം മാത്രമാണ് പേടകം പൊട്ടിത്തെറിച്ചത്.
അതേസമയം, ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും നാസ ഉപയോഗിച്ചത് സ്പേസ് എക്സിന്റെ റോക്കറ്റും പേടകവുമായിരുന്നു. ക്രൂ ഡ്രാഗൺ പേടകവും ഫാൽക്കൺ 9 റോക്കറ്റും. പുനരുപയോഗിക്കാവുന്ന ബഹിരാകാശവാഹനങ്ങൾ സൃഷ്ടിച്ച് യാത്രകളുടെ ചെലവുകുറയ്‍ക്കാനും മസ്ക് ലക്ഷ്യമിടുന്നു.