ബോസ്റ്റണ്
ഇസ്രയേലി ചാര സോഫ്റ്റ്വെയറിന്റെ നിരീക്ഷണത്തില് ഉള്പ്പെട്ടവരില് ഭൂരിഭാഗവും വിവിധരാജ്യങ്ങളില് നിന്നുള്ള മാധ്യമ, രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്ത്തകര്. വാഷിങ്ടണ് പോസ്റ്റ്, ദ ഗാര്ഡിയന്, ദ വയര് തുടങ്ങി 17 മാധ്യമങ്ങൾ നടത്തിയ സംയുക്ത അന്വേഷണത്തില് കണ്ടെത്തിയ വിവരങ്ങളനുസരിച്ച് അമ്പതിനായിരത്തിലധികം ഫോണ് വിവരമാണ് ചോര്ത്തപ്പെട്ടത്. ഇതില് തിരിച്ചറിയാനായത് 50 രാജ്യത്തുനിന്നുള്ള ആയിരത്തിലധികം പേരെയാണ്.
189 മാധ്യമപ്രവര്ത്തകർ, രാഷ്ട്രീയ പ്രവര്ത്തകരും ഉന്നത സ്ഥാനങ്ങളിലുള്ളവരുമായ അറുനൂറോളം പേർ, 85 മനുഷ്യാവകാശ പ്രവര്ത്തകരും അറുപത്തഞ്ചോളം ബിസിനസ് പ്രമുഖരും ഇതില് ഉള്പ്പെടുന്നു. ദ അസോസിയേറ്റഡ് പ്രസ്, റോയ്റ്റേഴ്സ്, സിഎന്എന്, ദ വാള് സ്ട്രീറ്റ് ജേര്ണല്, ലെ മുന്ദ്, ദ ഫൈനാന്ഷ്യല് ടൈംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്ത്തകരെയാണ് പ്രധാനമായും ചോര്ത്തിയത്.
2018ല് വാഷിങ്ടണ് പോസ്റ്റ് മാധ്യമപ്രവര്ത്തകന് ജമാല് ഖഷോഗി ഇസ്താംബുളിലെ സൗദി കോണ്സുലേറ്റില് കൊല്ലപ്പെട്ടതിന് നാല് ദിവസത്തിനിപ്പുറംമുതല് അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവായിരുന്ന ഹാറ്റിസ് സെന്ഗിസിന്റെ ഫോണും പെഗാസസിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. ഖഷോഗിയുടെ ഫോണ്വിവരങ്ങളും ഇത്തരത്തില് ചോര്ത്തിയിരുന്നു.
ഇസ്രയേല് സൈബര് ഇന്റലിജന് സ്ഥാപനമായ എന്എസ്ഒയുടേതാണ് പെഗാസസ് സോഫ്റ്റ് വെയര്. തീവ്രവാദികള്ക്കും കൊടും ക്രിമിനലുകള്ക്കുമെതിരായ അന്വേഷണത്തിന് സര്ക്കാര് ഏജന്സികള്ക്ക് മാത്രമാണ് പെഗാസസ് സേവനം നല്കുന്നതെന്നാണ് എന്എസ്ഒ ഗ്രൂപ്പ് അവകാശപ്പെടുന്നത്. വിമര്ശാത്മക ഇടപെടലുകളെ നിശ്ശബ്ദമാക്കാനുള്ള ഉപകരണമായി സര്ക്കാര് ഏജന്സികള് പെഗാസസിനെ ഉപയോഗിക്കുകയാണ് എന്ന വിവാദം ആഗോളതലത്തില് ശക്തമായിട്ടുണ്ട്. ചോര്ത്തപ്പെട്ട ഫോണ്വിവരങ്ങളില് ഏറ്റവുമധികം മെക്സിക്കോയിൽ നിന്നും മധ്യപൗരസ്ത്യ നാടുകളിൽനിന്നും ഉള്ളതാണ്. ഇന്ത്യ, ഫ്രാന്സ്, ഹംഗറി, അസര്ബൈജന്, കസഖ്സ്ഥാന്, പാകിസ്ഥാന് എന്നീ രാജ്യങ്ങളില് നിന്നുള്ള നമ്പറുകളും വ്യാപകമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.