ന്യൂഡൽഹി
പാർലമെന്റ് ആക്രമണക്കേസിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ ഡൽഹി സർവകലാശാല പ്രൊഫ. എസ് എ ആർ ഗീലാനിയും നിരീക്ഷണവലയത്തിലായിരുന്നെന്ന് റിപ്പോർട്ട്. 2019 ഒക്ടോബറിൽ അന്തരിച്ച പ്രൊഫ. ഗീലാനിയുടെ ഫോൺ 2017 മുതൽ പെഗാസസ് ചാരസോഫ്റ്റ്വെയറിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ വ്യക്തമായതായി ‘ദി വയർ’ റിപ്പോർട്ട് ചെയ്തു.
2005ൽ ജയിൽമോചിതനായശേഷം ഗീലാനി അന്യായമായി തടങ്കലിലാക്കപ്പെട്ടവരുടെ അവകാശ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഫോൺ നിരീക്ഷണത്തിലാണെന്ന ആശങ്ക ഉണ്ടായിരുന്നെന്ന് ഗീലാനിയുടെ മകൻ അഡ്വ. ആതിഫ് ഗീലാനി പ്രതികരിച്ചു. മരണശേഷവും അദ്ദേഹത്തിന്റെ ഇ–-മെയിൽ തുറക്കാൻ ശ്രമം നടക്കുന്നുവെന്ന രീതിയിൽ അറിയിപ്പുകൾ ഫോണിൽ വരുമായിരുന്നു.
ഫോറൻസിക് പരിശോധനാഫലം ഞങ്ങളുടെ ആശങ്ക സ്ഥിരീകരിച്ചെന്നുമാത്രം. പിതാവ് മരിച്ചില്ലായിരുന്നെങ്കിൽ ഭീമ കൊറേഗാവ് കേസിൽ അദ്ദേഹത്തെയും അറസ്റ്റ് ചെയ്തേനെ’–-ആതിഫ് ഗീലാനി പറഞ്ഞു.