ന്യൂഡൽഹി
ഇസ്രയേലിന്റെ പെഗാസസ് ചാരസോഫ്റ്റ്വെയർവഴി നിരന്തരം നിരീക്ഷിച്ചവരിൽ ഭീമ കൊറേഗാവ് സംഘർഷത്തിലെ പ്രതികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിഭാഷകരുടെയും മൊബൈൽഫോണുകളും. എൻഐഎ അന്വേഷിക്കുന്ന എൽഗാർ പരിഷദ് കേസിൽ പ്രതികളാക്കപ്പെട്ട പ്രൊഫ. ഹാനി ബാബു, റോണ വിൽസൺ, വെർണൻ ഗൊൺസാൽവസ്, ഡോ. ആനന്ദ് തെൽതുംഡെ, ഷോമ സെൻ, ഗൗതം നവ്ലഖ, അരുൺ ഫെരേര, സുധ ഭരദ്വാജ് എന്നിവരുടെ ഫോണുകൾ 2017 മുതൽ ചോർത്തി. 2018 ജൂൺ മുതലാണ് കേസിൽ അറസ്റ്റ് തുടങ്ങിയത്. ഇവർ അറസ്റ്റിലായി ഫോണുകൾ പിടിച്ചെടുത്തശേഷവും മാസങ്ങളോളം ചോർത്തി.
കേസിലെ മറ്റു പ്രതികളായ തെലുഗു കവി വരവര റാവുവിന്റെ മകൾ പാവന, സുരേന്ദ്ര ഗാഡ്ലിങ്ങിന്റെ ഭാര്യ മിണാൽ ഗാഡ്ലിങ്, സുരേന്ദ്രയുടെ സഹഅഭിഭാഷകരായ നിഹാൽസിങ് റാത്തോഡ്, ജഗദീഷ് മെഷ്റം എന്നിവരും ഫോൺചോർത്തലിനു വിധേയരായി. സുധ ഭരദ്വാജിന്റെ അഭിഭാഷക ശാലിനി ഗേര, തെൽതുംഡെയുടെ മലയാളി സുഹൃത്ത് ജെയിസൺ കൂപ്പർ, പുണെ കബീർ കലാമഞ്ച് പ്രവർത്തകർ എന്നിവരുടെ ഫോണുകളും ചോർത്തി. ഒരു പ്രതിയുടെ കുടുംബത്തിലെ അഞ്ച് പേരുടെ ഫോണുകളാണ് ചോർത്തിയത്.
സുരേന്ദ്ര ഗാഡ്ലിങ്, റോണ വിൽസൺ എന്നിവരുടെ കംപ്യൂട്ടറുകളിൽ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ടെന്ന് അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം ആഴ്സണെൽ കൺസൾട്ടൻസി കണ്ടെത്തിയിരുന്നു. നുഴഞ്ഞുകയറി നിക്ഷേപിച്ച ഇമെയിലുകളുടെ പേരിലാണ് ഇവരെ അറസ്റ്റുചെയ്തത്.