ന്യൂഡൽഹി
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് 2018 പകുതിമുതൽ 2019 പകുതിവരെ രാഹുൽ ഗാന്ധിയെ സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചെന്ന് വ്യക്തമാക്കുന്നതാണ് പെഗാസസ് പട്ടിക സംബന്ധിച്ച വെളിപ്പെടുത്തലുകൾ. കോൺഗ്രസിൽ രാഹുലിന്റെ വിശ്വസ്തരായ സച്ചിൻ റാവു, അലങ്കാർ സവായ് എന്നിവർക്ക് പുറമെ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത അഞ്ചുപേരെയും നിരീക്ഷിച്ചുവെന്നത് ചോർത്തലിന്റെ വ്യാപ്തി വെളിവാക്കുന്നു.
ചോർത്തലിനോട് രാഹുലിന്റെ അഞ്ച് സുഹൃത്തുക്കളിൽ മൂന്നുപേരാണ് പ്രതികരിച്ചത്. കൂടുതൽ അപകടത്തിലേക്ക് ചാടാനില്ലെന്നായിരുന്നു രണ്ടു സുഹൃത്തുക്കളുടെ മറുപടി. പ്രതികരിച്ച മൂന്നുപേരും എന്തിനാണ് തങ്ങൾ ലക്ഷ്യംവയ്ക്കപ്പെട്ടതെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞു. ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. രണ്ടുപേർ മാത്രമാണ് ചോർത്തപ്പെട്ട ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നത്. എന്നാൽ, ഫോറൻസിക് പരിശോധനയ്ക്ക് ഒരുക്കമല്ല.
ചോർത്തലിന് ഇരയായ സച്ചിൻ റാവു കോൺഗ്രസ് പ്രവർത്തകസമിതി ക്ഷണിതാവും കേഡർമാർക്ക് പരിശീലനം നൽകുന്നതിന്റെ ചുമതലയുള്ള നേതാവുമാണ്. അലങ്കാർ സവായിക്ക് രാഹുലിന്റെ ഓഫീസ് ചുമതലയാണ്. രാഹുലിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതും സവായിയാണ്. ലക്ഷ്യംവച്ചുള്ള ഇത്തരം നിരീക്ഷണം നിയമവിരുദ്ധവും അപലപനീയവുമാണെന്ന് രാഹുൽ പ്രതികരിച്ചു. ഇത് വ്യക്തികളുടെ സ്വകാര്യതയ്ക്കെതിരായ ആക്രമണം മാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്കുമെതിരാണ്. വിശദമായി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം–- രാഹുൽ പറഞ്ഞു.
ചോർത്തിയ ഫോൺ രാഹുൽ നിലവിൽ ഉപയോഗിക്കുന്നില്ല. ചോർത്തൽ സംശയമുള്ളതിനാൽ ഫോണും നമ്പറും ഇടയ്ക്കിടയ്ക്ക് മാറ്റാറുണ്ടെന്ന് രാഹുൽ പറഞ്ഞു. രാഹുലിന്റെ കൂട്ടാളികളുടേതായി ഒമ്പത് നമ്പർ കൂടി ചോർത്തിയിട്ടുണ്ട്.