ന്യൂഡൽഹി > ഐതിഹാസിക കർഷക സമരം തുടരുന്ന സിന്ഘു അതിർത്തിയിൽ പാർലമെന്റ് മാർച്ചിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദിവസം ഇരുനൂറുപേർ വീതം സമാധാനപരമായി മാർച്ചിൽ പങ്കെടുക്കും. എല്ലാവർക്കും ബാഡ്ജ് നൽകും. പാർലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിക്കില്ല. മാർച്ചിൽ പങ്കെടുക്കുന്നവരുടെ മൊബൈൽ –-ആധാർ നമ്പറുകൾ പൊലീസിന് കൈമാറാമെന്ന് ഡൽഹി പൊലീസുമായുള്ള ചർച്ചയിൽ കർഷകസംഘടനാ നേതാക്കൾ അറിയിച്ചു.
പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കാൻ ഒരു സമിതിക്ക് രൂപം നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽനിന്നും സമരകേന്ദ്രങ്ങളിലേക്ക് കൂടുതൽ കർഷകരെത്തിത്തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ കർഷകനേതാക്കൾ എംപിമാരെ നേരിൽക്കണ്ട് പാർലമെന്റിൽ പ്രതിഷേധിക്കണമെന്ന ജനകീയ വിപ്പ് കൈമാറിയെന്നും മോർച്ച അറിയിച്ചു.
ഹരിയാന സിർസയിൽ കർഷകർക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് പിൻവലിച്ച് ജയിലിലടച്ച കർഷക നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കർഷകനേതാവ് ബൽദേവ് സിങ് സിർസ മരണംവരെ നിരാഹാരം ആരംഭിച്ചു. കഴിഞ്ഞദിവസം കർഷക നേതാക്കൾ അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നിരാഹാര സമരം.