ന്യൂഡൽഹി > പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച സർവകക്ഷി യോഗംചേർന്നു. കോവിഡ് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടു. ചട്ടപ്രകാരം ഉന്നയിക്കുന്ന ഏത് വിഷയത്തിലും ചർച്ചയ്ക്ക് ഒരുക്കമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
ലോക്സഭാ കക്ഷിനേതാക്കളുടെ യോഗം സ്പീക്കർ ഓം ബിർളയും വിളിച്ചുചേർത്തു. സർവകക്ഷി യോഗത്തിനുശേഷം പ്രതിപക്ഷ പാർടികൾ പ്രത്യേക യോഗംചേർന്ന് സഭയിലുയർത്തേണ്ട പ്രധാന വിഷയങ്ങൾ ചർച്ചചെയ്തു. കർഷകസമരത്തിന് ആദ്യ പരിഗണന നൽകാൻ തീരുമാനിച്ചു. എൻഡിഎ കക്ഷികളും ഞായറാഴ്ച യോഗംചേർന്ന് തന്ത്രങ്ങൾക്ക് രൂപം നൽകി. പ്രധാനമന്ത്രി പങ്കെടുത്തു.
വർഷകാല സമ്മേളനത്തിൽ 38 ബിൽ പരിഗണിക്കും. വിവാദമായ വൈദ്യുതി ഭേദഗതി ബില്ലുൾപ്പെടെ പാപ്പർ ഭേദഗതി ബിൽ, പെൻഷൻഫണ്ട് റെഗുലേറ്ററി ഭേദഗതി ബിൽ, മനുഷ്യക്കടത്ത് തടയൽ ബിൽ, പെട്രോളിയം പൈപ്പ്ലൈൻ ബിൽ തുടങ്ങി 17 പുതിയ ബില്ലുകളുമുണ്ട്. ഫാക്ടറി നിയന്ത്രണ ഭേദഗതി ബിൽ, ഡിഎൻഎ സാങ്കേതികതാ നിയന്ത്രണ ബിൽ, ട്രിബ്യൂണൽ പരിഷ്കരണ ബിൽ, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമ ഭേദഗതി ബിൽ, ജുവനൈൽ ജസ്റ്റിസ് ഭേദഗതി ബിൽ, വാടകഗർഭപാത്ര നിയന്ത്രണ ബിൽ എന്നിവയും പരിഗണിച്ചേക്കാവുന്ന ബില്ലുകളുടെ പട്ടികയിലുണ്ട്.