ന്യൂഡൽഹി > കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ പാർടി നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഇന്ത്യയിലെ മുന്നൂറിലേറെ പേരുടെ ഫോൺ വിവരം ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തി. ഒരു സുപ്രീംകോടതി ജഡ്ജി, മൂന്ന് പ്രധാന പ്രതിപക്ഷ പാർടി നേതാക്കൾ, നാൽപ്പതിലേറെ മാധ്യമപ്രവർത്തകർ, സുരക്ഷാ മേധാവികളും മുൻ മേധാവികളും, വ്യവസായികൾ, ശാസ്ത്രജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെയാണ് ചോർത്തിയത്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും മോഡിവിരുദ്ധ പക്ഷത്തിലുള്ള നിതിൻ ഗഡ്കരിയും ചോർത്തപ്പെട്ടതായാണ് റിപ്പോർട്ട്.
സർക്കാർ ഏജൻസികൾക്കുമാത്രമാണ് പെഗാസസ് സേവനം നൽകുന്നത്. മോഡി–- അമിത് ഷാ കൂട്ടുകെട്ടിന് താൽപ്പര്യമില്ലാത്തവരാണ് ചോർത്തലിന് വിധേയരായത്. ഇതോടെ, കേന്ദ്രസർക്കാർ പ്രതിക്കൂട്ടിലായി.
ദ വയർ, വാഷിങ്ടൺ പോസ്റ്റ്, ദ ഗാർഡിയൻ, ലെ മൊണ്ടെ തുടങ്ങി വിവിധ രാജ്യങ്ങളിലായുള്ള 17 മാധ്യമങ്ങൾ “പെഗാസസ് പ്രോജക്ട്’ എന്ന പേരിൽ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസമാണ് ചോർത്തൽ പുറത്തുവന്നത്.
മോഡി സർക്കാരിനെ പ്രതിരോധത്തിലാക്കിയ റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന ഡൽഹി കേന്ദ്രമായ ഒരുകൂട്ടം മാധ്യമങ്ങളാണ് ചോർത്തലിന് ഇരയായത്. ദ വയർ സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ് വരദരാജൻ, എം കെ വേണു, അമിത് ഷായുടെ മകൻ ജയ് ഷായുടെ വരുമാന വർധന റിപ്പോർട്ട് ചെയ്ത രോഹിണി സിങ്, റഫേൽ അഴിമതി റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എക്സ്പ്രസിലെ സുശാന്ത് സിങ്, ന്യൂസ് ക്ലിക്കിലെ പരഞ്ജോയ് ഗുഹ താക്കൂർത്ത, ഹിന്ദുസ്ഥാൻ ടൈംസിലെ എക്സിക്യൂട്ടീവ് എഡിറ്റർ ശിശിർ ഗുപ്ത, പ്രശാന്ത് ഝാ, രാഹുൽ സിങ്, ഇന്ത്യൻ എക്സ്പ്രസിലെ റിതിക ചോപ്ര, മുസമ്മിൽ ജമീൽ, ഇന്ത്യ ടുഡെയിലെ സന്ദീപ് ഉണ്ണിത്താൻ തുടങ്ങിയവർ ചോർത്തപ്പെട്ടു. ബിജെപി അനുകൂല പത്രമായ പയനീറിലെ മലയാളി മാധ്യമപ്രവർത്തകൻ ജെ ഗോപീകൃഷ്ണനും പട്ടികയിലുണ്ട്. മലയാളിയായ പ്രൊഫസർ ഹാനിബാബു ഉൾപ്പെടെ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റുകൾ, വിദ്യാഭ്യാസ വിദഗ്ധർ, അഭിഭാഷകർ എന്നീ എട്ടുപേരുടെ ഫോണുകളും ചോർത്തി.
ചോർന്ന പട്ടികയിൽ പേരുണ്ടായിരുന്ന മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയനേതാക്കൾ അടക്കമുള്ള 67 പേരുടെ ഫോണാണ് പരിശോധിച്ചത്. ആംനെസ്റ്റി ഇന്റർനാഷണലിന്റെ സുരക്ഷാ ലാബിലായിരുന്നു ചാരസോഫ്റ്റ്വെയർ സംബന്ധിച്ച സൂചന ഫോണിൽ നിന്ന് കിട്ടുമോയെന്ന പരിശോധന. ഇന്ത്യയടക്കം 10 രാജ്യങ്ങളിലായി ആയിരത്തിലേറെ ഫോൺ ചോർത്തപ്പെട്ടു.
പെഗാസസ് ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട വാർത്തകൾ ഉടൻ പുറത്തുവരുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, ചോർത്തൽ ആരോപണം കേന്ദ്രസർക്കാർ നിഷേധിച്ചു. പെഗാസസ് സോഫ്റ്റ്വെയർ വാങ്ങിയോ എന്നത് കേന്ദ്രം വ്യക്തമാക്കിയില്ല.
അന്തർദേശീയ മാധ്യമങ്ങളായ സിഎൻഎൻ, റോയിട്ടേഴ്സ്, ഇക്കണോമിസ്റ്റ്, ന്യൂയോർക്ക് ടൈംസ് തുടങ്ങിയവയിലെ മാധ്യമപ്രവർത്തകരെയും ചോർത്തി.
കണ്ടെത്തൽ ഇങ്ങനെ
23 ഫോണിൽ ചാര സോഫ്റ്റ്വെയറിന്റെ ശേഷിപ്പ് കണ്ടെത്തി. 14 ഫോണിൽ കടന്നുകൂടാൻ ശ്രമിച്ചതായും വ്യക്തമായി. ചിലർ ഫോൺ മാറ്റിയത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ 30 എണ്ണത്തിൽ കൃത്യഫലം കിട്ടിയില്ല.
പരിശോധിച്ച 15 ആൻഡ്രോയിഡ് ഫോണിൽ ചാര സോഫ്റ്റ്വെയർ കണ്ടെത്തിയില്ല. ആൻഡ്രോയിഡ് ഇത്തരം വിവരം സൂക്ഷിക്കാത്തതാണ് കാരണം. ഹിന്ദു റിപ്പോർട്ടർ വിജൈത സിങ്ങിന്റെ ഉൾപ്പെടെ മൂന്ന് ആൻഡ്രോയിഡ് ഫോണിനെ പെഗാസാസ് ലക്ഷ്യമിട്ടതായും കണ്ടെത്തി.