ന്യൂഡൽഹി
പഞ്ചാബിൽ നവ്ജോത് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് പദ്ധതി ഉപാധികളോടെ മുഖ്യമന്ത്രി അമരീന്ദർസിങ് അംഗീകരിച്ചു. മന്ത്രിസഭ അഴിച്ചുപണിയിൽ പൂർണ സ്വാതന്ത്ര്യം ലഭിക്കണം, താൻ നിർദേശിക്കുന്നവരെ പിസിസി വർക്കിങ് പ്രസിഡന്റുമാരാക്കണം എന്നീ ഉപാധികളാണ് അമരീന്ദർ മുന്നോട്ടുവച്ചത്. ഇതു രണ്ടും പരിഗണിക്കാമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ചണ്ഡീഗഢിലെത്തി നടത്തിയ അനുനയനീക്കത്തിലാണ് അമരീന്ദർ മെരുങ്ങിയത്. സിദ്ദുവിനെ പിസിസി പ്രസിഡന്റാക്കുമെന്ന് റാവത്ത് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത് അമരീന്ദറിനെ ചൊടിപ്പിച്ചിരുന്നു. കടുത്ത പ്രതിഷേധം അറിയിച്ച് അമരീന്ദർ സോണിയ ഗാന്ധിക്ക് കത്തുമെഴുതി. സംഗതി കൈവിട്ടുപോകുമെന്നായപ്പോൾ സോണിയ ഗാന്ധി ഇടപെട്ടാണ് റാവത്തിനെ ചണ്ഡീഗഢിലേക്ക് അയച്ചത്.
റാവത്തുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായെന്നും എഐസിസി അധ്യക്ഷ എടുക്കുന്ന തീരുമാനം സ്വാഗതംചെയ്യുമെന്നും അമരീന്ദർ ട്വീറ്റ് ചെയ്തു. ഇതിനിടെ, സിദ്ദു നിലവിലെ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കറെയും പാർടി എംഎൽഎമാരെയും സന്ദർശിച്ചു. ഝാക്കറുമായുള്ള പടം ‘പ്രഗത്ഭനായ പ്രസിഡന്റിൽനിന്ന് മാർഗനിർദേശം സ്വീകരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ സിദ്ദു ട്വീറ്റ് ചെയ്തു.