ജനീവ
ഇന്ത്യയില് ഡിടിപി വാക്സിന് സ്വീകരിക്കാത്ത കുട്ടികളുടെ എണ്ണത്തില് വന് വര്ധനയെന്ന് യുഎന്. ഡിഫ്തിരിയ, ടെറ്റനസ്, വില്ലന് ചുമ എന്നീ രോഗങ്ങള്‍ക്കെതിരെയുള്ള വാക്സിനാണ് ഡിടിപി. ആഗോളതലത്തില്‍ വാക്സിന് സ്വീകരിക്കാത്തവരില് പോയവര്ഷം ഏറ്റവുമധികം വര്ധനയുണ്ടായത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയും യൂണിസെഫും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
2020ല് ലോകത്താകെ 2.30 കോടി കുട്ടികള്ക്ക് ഡിടിപി വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടില്ല. 2009ന് ശേഷമുള്ള ഏറ്റവും ഉയര്ന്ന കണക്കാണിത്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള് വാക്സിന് ലഭിക്കാത്തവരുടെ എണ്ണത്തില് 37 ലക്ഷത്തിന്റെ വര്ധനയുണ്ടായി. ആദ്യ ഡോസ് ലഭിക്കാത്തവരില് 35 ലക്ഷം കുട്ടികള് ഇന്ത്യയില് നിന്നുള്ളവരാണ്. 2019ല് 14 ലക്ഷം കുട്ടികള്ക്കായിരുന്നു ഇന്ത്യയില് വാക്സിന് ലഭിക്കാതിരുന്നത്. ഡിടിപി വാക്സിന് മൂന്നാം ഡോസ് എടുക്കാത്തവരുടെ എണ്ണവും 85 ശതമാനംമുതല് 91 വരെ വര്ധിച്ചു. അഞ്ചാംപനി വാക്സിന് ലഭിക്കാത്ത 30 ലക്ഷം കുട്ടികളും പോയ വര്ഷം ഇന്ത്യയില് ഉണ്ടായിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വാക്സിന് സ്വീകരിക്കാത്തവരുടെ എണ്ണത്തില് വര്ധനയുണ്ടായതെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണും വാക്സിന് കേന്ദ്രങ്ങള് അടച്ചിടേണ്ടി വന്നതും വെല്ലുവിളിയായി. കോവിഡ് വാക്സിന് ലഭിക്കുന്നതുപോലെയോ ഒരു പക്ഷേ അതിനെക്കാളോ പ്രാധാന്യമുള്ളതാണ് കുട്ടികള്ക്കുള്ള വാക്സിനുകള് സമയത്ത് ലഭ്യമാക്കുക എന്നത്. ഈ പശ്ചാത്തലത്തില് 2030തോടെ 90 ശതമാനം കുട്ടികള്ക്കും വാക്സിനുകള് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാക്കുമെന്നും യുഎന് റിപ്പോര്ട്ടില് വ്യക്തമാക്കി.