ന്യൂഡൽഹി
കർണാടകയിലെ പാളയത്തിൽപ്പടയ്ക്കിടെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഉപാധിവച്ച് ബി എസ് യെദ്യൂരപ്പ. മകൻ വിജയേന്ദ്രയ്ക്ക് ബിജെപി കർണാടക ഘടകത്തിൽ പ്രധാനസ്ഥാനം വേണമെന്ന് കേന്ദ്രനേതൃത്വവുമായുള്ള ചർച്ചയിൽ യെദ്യൂരപ്പ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഭരണത്തിൽ അഴിമതിയും വിജയേന്ദ്രയുടെ അനാവശ്യ ഇടപെടലുകളും നിരന്തരം ആരോപണങ്ങളായി ഉയരുന്നതിനിടെയാണിത്. ഡൽഹിയിലേക്ക് വിജയേന്ദ്രയും യെദ്യൂരപ്പയെ അനുഗമിച്ചിരുന്നു. പ്രധാനമന്ത്രിക്കുപുറമെ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായും യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി.
2023ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താനുള്ള വഴികളാണ് ഡൽഹിയിൽ ദേശീയനേതാക്കളുമായി ചർച്ചചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രി ബസവ്രാജ് ബൊമ്മൈ, ഖനി മന്ത്രി മുരുകേശ് നിറാനി, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരെയാണ് യെദ്യൂരപ്പയ്ക്ക് പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ടൂറിസം മന്ത്രി യോഗേശ്വരയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് വിമതകലാപം.