ന്യൂഡൽഹി
രാജ്യത്ത് കോവിഡിന്റെ മൂന്നാം വ്യാപനത്തിന് ആഗസ്ത് അവസാനത്തോടെ തുടക്കമാകാമെന്നും പ്രതിദിനകേസുകൾ ഒരു ലക്ഷംവരെ ഉയരാമെന്നും ഐസിഎംആറിന്റെ എപ്പിഡെമിയോളജി വിഭാഗം തലവൻ പ്രൊഫ. സമിരൻ പാണ്ഡ. ടിവി ചാനൽ അഭിമുഖത്തിലാണ് മൂന്നാം വ്യാപനമുണ്ടാകുമെന്നും ജാഗ്രത തുടരണമെന്നും പാണ്ഡ മുന്നറിയിപ്പ് നൽകിയത്.
വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചില്ലെങ്കിൽ ഒന്നാം വ്യാപനത്തിന് സമാനമായിരിക്കും മൂന്നാം വ്യാപനവും. എന്നാൽ, ജനിതകവ്യതിയാനം സംഭവിച്ചാൽ സ്ഥിതി ഗുരുതരമാകും. വാക്സിനേഷൻ പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കാത്തതും നിയന്ത്രണങ്ങളിലെ ഇളവും കേസുകൾ കൂടാൻ കാരണമാകും. ലണ്ടൻ ഇമ്പീരിയൽ കോളേജുമായി ചേർന്ന് ഐസിഎംആർ നടത്തിയ കണക്കുകൂട്ടലുകളിലാണ് ഒരുലക്ഷംവരെയായി പ്രതിദിന കേസുകൾ വീണ്ടും ഉയരാമെന്ന കണ്ടെത്തൽ. ആൾക്കൂട്ടം ഒഴിവാക്കിയും മാസ്ക് ധരിച്ചും സുരക്ഷാമുൻകരുതൽ സ്വീകരിച്ചും വ്യാപനതീവ്രത കുറയ്ക്കാം. യാത്രകൾ പരമാവധി ഒഴിവാക്കണം–- സമിരൻ പാണ്ഡ പറഞ്ഞു.