ന്യൂഡൽഹി
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് നിർദേശിച്ചുള്ള ജനകീയ വിപ്പ് കർഷകസംഘടനകൾ എംപിമാർക്ക് കൈമാറി തുടങ്ങി. സഭ സമ്മേളിക്കുന്ന എല്ലാ ദിവസവും ഹാജരാകണം, കർഷകരുടെ ആവശ്യങ്ങൾ സഭയിൽ തുടർച്ചയായി ഉയർത്തണം, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുംവരെ സഭയിൽ മറ്റ് നടപടികൾ അനുവദിക്കരുത്, വാക്കൗട്ട് പാടില്ല, സഭയിൽനിന്ന് സസ്പെൻഡ് ചെയ്താലോ, നീക്കംചെയ്താലോ തിരിച്ചെത്തി പ്രതിഷേധിക്കണം എന്നീ കാര്യങ്ങളാണ് വിപ്പിലൂടെ ആവശ്യപ്പെടുന്നത്. തിങ്കളാഴ്ചമുതലാണ് പാർലമെന്റ് ചേരുന്നത്.
കർഷകസമരം ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടും ഇന്ത്യൻ പാർലമെന്റ് വിഷയം വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്ന് കർഷകർക്കായി സംയുക്ത കിസാൻമോർച്ച കൈമാറിയ വിപ്പിൽ ചൂണ്ടിക്കാട്ടുന്നു. യുകെ, ക്യാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങി നിരവധി വിദേശ രാജ്യങ്ങളുടെ ജനപ്രതിനിധി സഭകൾ വിഷയം ചർച്ച ചെയ്തു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുമെല്ലാം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് വോട്ടർമാർ എന്ന നിലയിൽ വിപ്പ് കൈമാറുന്നത്–- കിസാൻമോർച്ച വ്യക്തമാക്കി.
വർഷകാല സമ്മേളനത്തിലുടനീളം പാർലമെന്റ് മാർച്ച് സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ കർഷകസംഘടനകൾ തീവ്രമാക്കി. ഡൽഹിയിലെ സമരകേന്ദ്രങ്ങളിലേക്ക് കൂടുതൽ കർഷകർ എത്തിത്തുടങ്ങി. വ്യാഴാഴ്ചമുതൽ സമ്മേളനം അവസാനിക്കുംവരെ കർഷകർ മാർച്ച് നടത്തും.