ന്യൂഡൽഹി
കോവിഡ് വാക്സിൻ ഒരു ഡോസ് എടുത്തശേഷം രോഗബാധിതരായവരിൽ മരണനിരക്ക് തീർത്തും കുറവെന്ന് ഐസിഎംആർ പഠനം. ഒരു ഡോസ് വാക്സിൻ എടുത്തശേഷം രോഗബാധിതരായ 677 പേരെയാണ് പഠനവിധേയമാക്കിയത്. 86.09 ശതമാനംപേർക്ക് ഡെൽറ്റ ഇനം കോവിഡ് വൈറസാണ് രോഗകാരണമായത്. 9.8 ശതമാനം പേർക്ക് ആശുപത്രിയിൽ ചികിത്സ വേണ്ടിവന്നു. മൂന്നു പേർ മരിച്ചു. 0.4 ശതമാനം മാത്രമാണ് മരണനിരക്ക്. പരീക്ഷണത്തിന് വിധേയമായവരിൽ 71 പേർ കോവാക്സിനും 604 പേർ കോവിഷീൽഡും രണ്ടു പേർ ചൈനീസ് വാക്സിനായ സൈനോഫാമുമാണ് ഉപയോഗിച്ചത്. കേരളമടക്കം 17 സംസ്ഥാനങ്ങളിൽനിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്.
രണ്ട് ഡോസെടുത്താൽ
95 ശതമാനം സംരക്ഷണം
രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർ മരണത്തിൽനിന്ന് 95 ശതമാനവും സംരക്ഷിക്കപ്പെടുമെന്ന് നിതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു. തമിഴ്നാട്ടിൽ കോവിഡ് ബാധിതരായ 1,17,525 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. വാക്സിൻ എടുക്കാത്ത 17,059 പൊലീസുകാരിൽ 20 പേർ മരിച്ചു. 32,792 പേർ ഒരു ഡോസ് വാക്സിനെടുത്തിരുന്നു. ഏഴുപേർ മരിച്ചു. രണ്ടു ഡോസ് വാക്സിനെടുത്ത 67673 പേരിൽ നാലുപേർ മാത്രമാണ് മരിച്ചത്. ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് 82 ശതമാനവും രണ്ടു ഡോസ് എടുത്തവർക്ക് 95 ശതമാനവും സംരക്ഷണം ലഭിക്കുന്നുണ്ട്–- ഡോ. പോൾ പറഞ്ഞു.
കോവിഡ് മൂന്നാം വ്യാപനം തടയാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കണമെന്നും പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം തടയണമെന്നും കേരളമടക്കം ആറ് സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ആന്ധ്ര, ഒഡിഷ സംസ്ഥാന മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കോവിഡ് സ്ഥിതി ചർച്ച ചെയ്തത്.