തിരുവനന്തപുരം
നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവനക്കാർ മുഖ്യ പങ്ക് വഹിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം പിഎംജി ജങ്ഷനിലെ കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി ഓഫീസ് അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധനയങ്ങൾ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിന് ബദൽ എന്താണെന്ന് കേരളം രാജ്യത്തിന് കാണിച്ചുകൊടുത്തു. അഞ്ച് വർഷം കൊണ്ട് പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കി ഐശ്വര്യസമ്പൂർണമായ കേരളം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ജീവനക്കാർ പ്രധാന പങ്ക് വഹിക്കേണ്ടതുണ്ട്. അർഹരുടെ കൈകളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കാൻ ജീവനക്കാർ സർക്കാരിനോടൊപ്പം നിൽക്കണം. അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിൽനിന്നും അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാകണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ അധ്യക്ഷനായി. എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് എൻ ടി ശിവരാജൻ പങ്കെടുത്തു. യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ സ്വാഗതവും ട്രഷറർ എൻ നിമൽരാജ് നന്ദിയും പറഞ്ഞു.