ന്യൂഡൽഹി
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും കോൺഗ്രസ് വിമതരും തമ്മിലുള്ള പോര് തീർക്കാൻ ഹൈക്കമാൻഡ് മുന്നോട്ടുവച്ച നിർദേശത്തിനു തിരിച്ചടി. വിമത നേതാവ് നവ്ജോത് സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കുമെന്നും മന്ത്രിസഭ അഴിച്ചുപണിയുമെന്നുമുള്ള പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രസ്താവനയാണ് അമരീന്ദറിനെ പ്രകോപിപ്പിച്ചത്. രോഷാകുലനായ അമരീന്ദർ സിങ് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരെയും എംപിമാരെയും മൊഹാലിയിലെ ഫാംഹൗസിൽ വിളിച്ചുകൂട്ടി. മൂന്ന് മന്ത്രിമാരടക്കം സിദ്ദുവിനെ അനുകൂലിക്കുന്നവർ വേറെയും യോഗം ചേർന്നു. ഇതോടെ ഹൈക്കമാൻഡ് പ്രഖ്യാപനം മാറ്റി. വ്യാഴാഴ്ച രാത്രിയോടെ ഔദ്യോഗികപ്രഖ്യാപനം നടക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
വെള്ളിയാഴ്ച ഡൽഹിയിലെത്തിയ സിദ്ദു, പാർടി അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ടു. ഹരീഷ് റാവത്തും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പഞ്ചാബ് പ്രശ്നത്തിൽ സോണിയ ഗാന്ധി അന്തിമതീരുമാനം എടുത്തിട്ടില്ലെന്നു റാവത്ത് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.