ന്യൂഡൽഹി
സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ആയുധമാക്കിയ രാജ്യദ്രോഹനിയമം ഇനിയും തുടരേണ്ടതുണ്ടോയെന്ന് സുപ്രീംകോടതി. അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വ്യാപകമായി ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായും ചീഫ്ജസ്റ്റിസ് എൻ വി രമണ വിമർശിച്ചു. ഒരു മരംമുറിക്കാൻ കൊടുത്ത ഈർച്ചവാൾ ഉപയോഗിച്ച് കാട്ടിലെ മുഴുവൻ മരങ്ങളും മുറിച്ചുകളയുന്നതുപോലെ രാജ്യദ്രോഹനിയമത്തിന്റെ വിശാലമായ അധികാരങ്ങൾ അധികൃതർ ദുരുപയോഗം ചെയ്യുന്നുണ്ട്. ഏതെങ്കിലും സർക്കാരിനോ പാർടിക്കോ അപ്രിയമായ കാര്യങ്ങൾ പറയുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഭയാനകമായ സാഹചര്യവുമുണ്ട്.
മഹാത്മാഗാന്ധിയെയും ബാലഗംഗാധര തിലകനേയും നിശബ്ദരാക്കാൻ ഇതേ നിയമമാണ് ഉപയോഗിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും ഇത്തരം നിയമങ്ങൾ തുടരുന്നത് ദൗർഭാഗ്യകരമാണ്. കാലഹരണപ്പെട്ട പല നിയമങ്ങളും സർക്കാർ മുമ്പ് റദ്ദാക്കിയിട്ടുണ്ട്. കൊളോണിയൽ കാലത്തിന്റെ അവശിഷ്ടമായ രാജ്യദ്രോഹനിയമം ഇനിയും നിലനിർത്തേണ്ടതുണ്ടോയെന്ന് ഗൗരവത്തോടെ പരിശോധിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. രാജ്യദ്രോഹത്തിന് ചുമത്താറുള്ള 124 എ വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്ത് റിട്ട. മേജർ ജനറൽ എസ് ജി വോംബട്ട്കെറെ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
രാജ്യദ്രോഹനിയമം മുഴുവൻ റദ്ദാക്കരുതെന്നും അത് പ്രയോഗിക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കേന്ദ്രസർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു. ഇതുൾപ്പെടെ കോടതി പരിശോധിക്കുമെന്ന് ചീഫ്ജസ്റ്റിസ് പ്രതികരിച്ചു. ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു.