കൊച്ചി
സംസ്ഥാനത്തിന്റെ വ്യവസായവളർച്ചയ്ക്ക് സംരംഭകർ മികച്ച പിന്തുണയാണ് നൽകുന്നതെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കുസാറ്റിൽ മീറ്റ് ദ മിനിസ്റ്റർ പരിപാടിക്കും ബോൾഗാട്ടി പാലസിൽ സംരംഭകരുമായുള്ള മുഖാമുഖത്തിനുംശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതോടൊപ്പം സർക്കാർ നടപടിയിൽ സംരംഭകർ പൂർണ തൃപ്തിയും പിന്തുണയും അറിയിച്ചു. വ്യവസായ പരാതി പരിഹാര സംവിധാനം, ഭൂമി ഏറ്റെടുക്കൽ നയ ഏകീകരണം, കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കൽ തുടങ്ങിയവയിൽ സംരംഭകരുടെ അഭിപ്രായം തേടിയിട്ടുണ്ട്.
രാജ്യത്തെ ഉത്തരവാദിത്ത നിക്ഷേപകേന്ദ്രമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. അതിന് തടസ്സം നേരിടുന്നുണ്ടെങ്കിൽ ചർച്ചകൾക്ക് സർക്കാർ സന്നദ്ധമാണ്. ചില കാര്യങ്ങളിൽ മാധ്യമങ്ങളുടെ മനോഭാവം മാറണം. തെലങ്കാന വിമാനമയച്ച് വ്യവസായിയെ കൊണ്ടുപോയതുപോലെ ഇവിടേക്ക് ഒരു വ്യവസായിയെ കൊണ്ടുവരികയാണെങ്കിൽ അത് വലിയ ചർച്ചയാകും. ഇവിടെ മൂന്നേക്കർ ഭൂമിയേറ്റെടുക്കാൻ 400 പേരുമായെങ്കിലും ധാരണയുണ്ടാക്കണം. യുപിപോലുള്ള സംസ്ഥാനങ്ങളിൽ 5000 ഏക്കർ ഏറ്റെടുക്കാൻ ഒരു ഉടമയുമായി ധാരണയിലെത്തിയാൽമതി. രാജ്യത്തെ നിയമം പാലിച്ച് വ്യവസായം നടത്താൻ ആർക്കും തടസ്സങ്ങളുണ്ടാകില്ല. നിയമങ്ങൾ തിരുത്തപ്പെടേണ്ടതുണ്ടെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താം. നിയമങ്ങൾ ബാധകമല്ലെന്ന് ആർക്കും പറയാനാകില്ലെന്നും- പി രാജീവ് പറഞ്ഞു.
മിന്നൽ പരിഹാരത്തിന് കൈയടി
മന്ത്രി പി രാജീവിന്റെ ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ കോതമംഗലത്തെ പ്രവാസി വ്യവസായി അനിൽ കുര്യാസിന്റേതായിരുന്നു ആദ്യ പരാതി. കൈയുറ നിർമാണത്തിന് സെൻട്രിഫ്യുഗൽ ലാറ്റക്സ് നിർമിക്കുന്ന സ്ഥാപനത്തിന് ഒമ്പതുമാസമായി പഞ്ചായത്ത് ലൈസൻസ് അനുവദിക്കുന്നില്ല. മലിനീകരണമാണ് കാരണം പറഞ്ഞത്. മലിനീകരണ നിയന്ത്രണ ബോർഡും വ്യവസായവകുപ്പും മലിനീകരണം കണ്ടെത്തിയില്ല. പഞ്ചായത്ത് തടസ്സംമൂലം 80 ദിവസം കമ്പനി പൂട്ടിയിട്ടു.
മന്ത്രിയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പരാതി പരിശോധിച്ചു. അഞ്ചുവർഷംവരെ ലൈസൻസ് നൽകാമെന്നിരിക്കെ പഞ്ചായത്ത് പത്തുമാസത്തെ മാത്രം ലൈസൻസ് നൽകിയതും അകാരണമായി പുതുക്കാതിരുന്നതും കുറ്റകരമാണെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടാനും നിർദേശിച്ചു. വൈകാതെ പഞ്ചായത്ത് സെക്രട്ടറി വിളിച്ചെന്നും ലൈസൻസ് തയ്യാറായെന്ന് അറിയിച്ചെന്നും അനിൽ കുര്യാസ് പറഞ്ഞു. മന്ത്രിയുടെ ഇടപെടലിനെ കരഘോഷത്തോടെയാണ് വ്യവസായി സമൂഹം വരവേറ്റത്.