ന്യൂഡൽഹി
രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ആഗസ്ത് അവസാനത്തോടെ ഉണ്ടായേക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രണ്ടാംതരംഗത്തിന്റെ അത്ര രൂക്ഷത മൂന്നാംതരംഗത്തിന് ഉണ്ടാകില്ല. എന്നാൽ, രോഗവ്യാപനം തടയാൻ ആൾക്കൂട്ടം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്–- ഐസിഎംആർ എപ്പിഡെമോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് (ഇസിഡി) വിഭാഗം തലവൻ ഡോ. സമീറാൻ പാണ്ഡ ദേശീയചാനലിനോട് പ്രതികരിച്ചു.
അതേസമയം, രാജ്യത്തിന്റെ പല ഭാഗത്തും പെരുമാറ്റച്ചട്ടത്തിലുണ്ടാകുന്ന ലംഘനത്താൽ കോവിഡ് കേസ് വീണ്ടും വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു. ‘പരിശോധന, കണ്ടെത്തൽ, ചികിത്സ, വാക്സിനേഷൻ’ എന്ന പദ്ധതി കൃത്യമായി പിന്തുടർന്ന് രോഗവ്യാപനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ആൾക്കൂട്ടമൊഴിവാക്കാൻ പ്രാദേശിക അധികൃതർക്ക് കർശന നിർദേശം നൽകണമെന്ന് ആഭ്യന്തരമന്ത്രാലയം സെക്രട്ടറി അജയ്ഭല്ലാ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിദിന കേസ്
40,000 കടന്നു
രാജ്യത്ത് പ്രതിദിന കോവിഡ് കേസ് മൂന്ന് ദിവസത്തിനുശേഷം 40,000 കടന്നു. 24 മണിക്കൂറിൽ 41,816 പുതിയ കേസും 577 മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ 4,32,041 പേർ ചികിത്സയിലുണ്ട്. മൊത്തം കോവിഡ് ബാധിതർ 3,09,87,880. ഇതുവരെ 4,11,989 പേർ മരിച്ചു. രാജ്യത്ത് മൊത്തം 39.13 കോടി വാക്സിൻ ഡോസ് കുത്തിവച്ചു.