ന്യൂഡൽഹി > കേരളമടക്കം സംസ്ഥാനങ്ങൾക്കും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75000 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ 4122.27 കോടി രൂപ ലഭിക്കും. ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ 4524 കോടി രൂപയാണ് കേരളത്തിന് കിട്ടേണ്ടിയിരുന്നത്.
നഷ്ടപരിഹാം എത്രയും വേഗം അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ടും ഈയാവശ്യം ഉന്നയിച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറക്കിയത്.
മെയ് 28 ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേന്ദ്രം 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി നൽകാൻ തീരുമാനമെടുത്തിരുന്നു. നഷ്ടപരിഹാര നിധിയിൽ ആവശ്യത്തിന് പണമില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രം വായ്പയെടുത്ത് നൽകുന്നത്.
2020–-21 വർഷത്തിൽ 1.10 ലക്ഷം കോടി രൂപ സമാനമായി വായ്പയെടുത്ത് ജിഎസ്ടി നഷ്ടപരിഹാരമെന്ന നിലയിൽ സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു. ഇപ്പോൾ കൈമാറുന്ന 75000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നടപ്പുവർഷം ജിഎസ്ടി കുടിശിക ഇനത്തിൽ നൽകേണ്ട തുകയുടെ പകുതി വരുമെന്ന് ധനമന്ത്രലായം വാർത്താകുറിപ്പിൽ അവകാശപ്പെട്ടു. ശേഷിക്കുന്ന തുക നടപ്പുസാമ്പത്തിക വർഷം രണ്ടാം പകുതിയിൽ ഗഡുക്കളായി അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു.
കർണാടകയ്ക്ക് 8542.17 കോടി, മഹാരാഷ്ട്രയ്ക്ക് 6501.11 കോടി, ഗുജറാത്തിന് 6151 കോടി, തമിഴ്നാടിന് 3818.5 കോടി എന്നിങ്ങനെ നഷ്ടപരിഹാരമായി ലഭിക്കും.