കൊച്ചി > കോട്ടപ്പടി പഞ്ചായത്തുമായുള്ള ലൈസന്‍സ് സംബന്ധിച്ചുള്ള തടസങ്ങള്‍ വഴിമാറി, കോതമംഗലത്തെ ലിസ്സി റബ്ബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇനി തടസമില്ലാതെ പ്രവര്‍ത്തിക്കും. കൈയ്യുറകളുടെ നിര്‍മാണത്തിനായുളള സെന്‍ട്രിഫ്യുഗല്‍ ലാറ്റക്സ് നിര്‍മിക്കുന്ന കമ്പനിക്ക് പഞ്ചായത്ത് അനധികൃതമായി പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നു എന്ന പരാതിയുമായാണ് ഉടമ അനില്‍ കുര്യാസ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ എത്തിയത്.
ലിസി റബ്ബര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ച മന്ത്രിയും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പരാതി പരിഹാരത്തിനായി പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. സംരംഭകനെന്ന നിലയില്‍ തനിക്കുള്ള പരാതി പരിഹരിക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു വേദി ഒരുക്കിയത് സന്തോഷം നല്‍കുന്നതാണെന്ന് അനില്‍ കുര്യാസ് പറഞ്ഞു.
കുസാറ്റില്‍ നടന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിമാരായ കെ. ഇളങ്കോവന്, എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വികസന കോര്പ്പറേഷന് എം.ഡി എം.ജി രാജമാണിക്യം, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു എബ്രഹാം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.