ന്യൂഡൽഹി
വാക്സിൻ ദൗർലഭ്യത്തെ തുടർന്ന് മിക്ക സംസ്ഥാനങ്ങളിലും കോവിഡ് പ്രതിരോധയജ്ഞം ഇഴയുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ, തെലങ്കാന, കർണാടകം, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിൽ പലയിടത്തും വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചിട്ടു. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാതെ കേന്ദ്രസർക്കാർ വളരെ കുറച്ച് ഡോസുകൾമാത്രം അനുവദിക്കുന്നതിനാലാണിത്. മൂന്നാംതരംഗ മുന്നറിയിപ്പുണ്ടായിട്ടും വാക്സിനേഷൻ വേഗം കുറയുന്നത് പ്രത്യാഘാതത്തിനിടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
തമിഴ്നാടിന് 10 കോടി ഡോസ് വാക്സിൻ അടിയന്തരമായി ആവശ്യമുണ്ടെന്ന് ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യൻ അറിയിച്ചു. 11.5 കോടി ഡോസ് ആവശ്യപ്പെട്ടപ്പോൾ കേന്ദ്രമനുവദിച്ചത് 1.67 കോടി ഡോസ് മാത്രം. വാക്സിനേഷൻ മുടങ്ങുന്നതുൾപ്പെടെ കാണിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്ത് നൽകി. തെലങ്കാനയിലും വാക്സിൻ ക്ഷാമം രൂക്ഷമാണ്. ഹൈദരാബാദ്, രംഗാറെഡി, മേഡ്ചൽ–-മൽകാജ്ഗിരി ജില്ലകളിലെ സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമല്ലാതായിട്ട് നാളുകളേറെയായി. ഡൽഹിയിൽ വാക്സിൻ ദൗർലഭ്യത്തെ തുടർന്ന് ബുധനാഴ്ചയും പലയിടത്തും കുത്തിവയ്പ്കേന്ദ്രങ്ങൾ അടഞ്ഞുകിടന്നു. ദിവസം 3–-4 ലക്ഷം ഡോസ് കുത്തിവയ്ക്കാൻ സൗകര്യമുണ്ടായിട്ടും വാക്സിനില്ലാത്തതിനാൽ ഒരു ലക്ഷം പോലും കുത്തിവയ്ക്കാനാകുന്നില്ല. ഡൽഹിയിൽ ആദ്യ ഡോസുകാർക്ക് കോവിഷീൽഡാണ് നൽകുന്നത്. കോവാക്സിൻ രണ്ടാംഡോസുകാർക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്നു.
18ന് മുകളിലുള്ളവർക്ക് മുഴുവൻ വാക്സിൻ നൽകാൻ മാസംതോറും മൂന്നുകോടി ഡോസ് വീതം അനുവദിക്കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. കഴിഞ്ഞ ആഴ്ച 70 ലക്ഷം ഡോസാണ് കേന്ദ്രം അനുവദിച്ചത്. അത് തീർന്നതോടെ ഗോന്ദിയ, ഹിംഗോളി, സിന്ദുദുർഗ്, ഒസ്മാനബാദ്, വാർധ ജില്ലകളിലെ വാക്സിൻ കേന്ദ്രങ്ങൾ അടച്ചിട്ടു. അതേസമയം, രാജ്യത്ത് വാക്സിൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി മൻസുഖ്മാണ്ഡവ്യ പ്രതികരിച്ചു. ജൂണിൽ 11.46 കോടി ഡോസും ജൂലൈയിൽ 13.5 കോടി ഡോസും സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.