ന്യൂഡൽഹി
മോഡി സർക്കാരിന്റെ കോർപറേറ്റ് അനുകൂല കാർഷികനിയമങ്ങൾ കേന്ദ്രം പിൻവലിക്കുംവരെ പാർലമെന്റിന്റെ ഇരുസഭയിലും പ്രതിഷേധം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ലോക്സഭ–- രാജ്യസഭാ എംപിമാർക്ക് ജനകീയ വിപ്പ് നൽകി. കാർഷികനിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള ഉയർന്ന താങ്ങുവില നിയമപരമായി ഉറപ്പുവരുത്തുന്ന ബിൽ കൊണ്ടുവരാനും സർക്കാരിനെ നിർബന്ധിക്കണം. ജനകീയ വിപ്പ് പാലിക്കാത്ത എംപിമാരെ എല്ലാ വേദിയിലും എതിർക്കുമെന്ന് സംയുക്ത കിസാൻമോർച്ച വ്യക്തമാക്കി.
എംപിമാർ ഇരുസഭയിലും പ്രതിഷേധിക്കണം. ആവശ്യം അംഗീകരിക്കുംവരെ ഇരുസഭയും ഒരു നടപടിയിലേക്കും കടക്കില്ലെന്ന് ഉറപ്പുവരുത്തണം. വാക്കൗട്ട് പാടില്ല, അത് നടപടി സുഗമമായി കൊണ്ടുപോകാൻ സർക്കാരിന് വഴിയൊരുക്കും. പ്രതിഷേധത്തിന്റെ പേരിൽ സ്പീക്കറോ രാജ്യസഭാധ്യക്ഷനോ സസ്പെൻഡ് ചെയ്താലും സഭയിലേക്ക് മടങ്ങി പ്രതിഷേധം തുടരണം–- കിസാൻമോർച്ച നിർദേശിച്ചു.
രാജ്യത്തെ എല്ലാ കർഷകർക്കുംവേണ്ടിയാണ് വിപ്പ്. കേന്ദ്രത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജന താൽപ്പര്യാർഥമുള്ള ഏതു വിഷയവും പാർലമെന്റിന്റെയും പാർലമെന്റ് അംഗങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാനുള്ള അവകാശം മുൻനിർത്തിയാണ് ഇത്.
22 മുതൽ പാർലമെന്റ് മാർച്ച്
കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ 22 മുതൽ തുടർച്ചയായി പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും. 200 വളന്റിയർമാരാകും ഓരോ ദിവസവും പങ്കെടുക്കുക. സമ്മേളനം അവസാനിക്കുന്ന ആഗസ്ത് ഒമ്പതുവരെ മാർച്ച് തുടരും. 26നും ആഗസ്ത് ഒമ്പതിനും വനിതാ കർഷകർമാത്രമാകും മാർച്ചിൽ പങ്കാളികളാവുക–- കിസാൻ മോർച്ച അറിയിച്ചു.