കണ്ണൂർ
കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. കസ്റ്റംസ് പ്രിവന്റീവ് അസി. കമീഷണർ ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ എട്ടുമുതൽ ഒന്നരമണിക്കൂർ പരിശോധന നടത്തിയത്. ആകാശ് വീട്ടിലുണ്ടായിരുന്നില്ല. 19നു ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് വീട്ടിൽ നോട്ടീസ് നൽകി.
അർജുൻ ആയങ്കിയുമായി ആകാശ് തില്ലങ്കേരി നടത്തിയ ഫോൺവിളികളുടെ അടിസ്ഥാനത്തിലാണു നോട്ടീസ് നൽകിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആകാശിന്റെ മാതാപിതാക്കളും സഹോദരിയുമാണ് നിർമാണം നടക്കുന്ന വീടിനോടുചേർന്നുള്ള താൽക്കാലിക ഷെഡിലുണ്ടായിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചപ്പോൾ സുഹൃത്തിന്റെ വീട്ടിലാണു താമസമെന്ന് ആകാശ് പറഞ്ഞു. സിആർപിഎഫ് ഭടന്മാരുടെ സുരക്ഷയിലാണു കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.
അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളും അഴീക്കോട് കപ്പക്കടവ് സ്വദേശികളുമായ പ്രണവ്, റെനീഷ് എന്നിവരുടെ വീടുകളിലും വൈകിട്ട് കസ്റ്റംസ് പരിശോധന നടത്തി. 22നു ചോദ്യംചെയ്യലിനു ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.