കൊൽക്കത്ത
ബിജെപിയുടെ വർഗീയതയെ നേരിടുന്നതിനൊപ്പം തൃണമൂൽ കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടവും തുടരുമെന്ന് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര. ബിജെപിയും തൃണമൂലും ഒരേ നാണയത്തിന്റെ രണ്ടുവശമാണ്. ബംഗാളിൽ ബിജെപിയെ വളർത്തിയത് തൃണമൂലാണ്. സിപിഐ എമ്മിനെ തകർക്കാൻ തൃണമൂൽ ബിജെപിയുമായി കൈകോർത്താണ് പ്രവർത്തിച്ചത്. സംസ്ഥാനത്ത് ഒറ്റയ്ക്ക് അധികാരം പിടിക്കാൻ ബിജെപി നടത്തിയ തന്ത്രമാണ് മമതയെ ചൊടിപ്പിച്ചത്.
ബിജെപിയുടെ കടന്നുകയറ്റത്തെയും വർഗീയ അജൻഡയെയും വിട്ടുവീഴ്ചയില്ലാതെ ചെറുത്തത് സിപിഐ എമ്മും ഇടതുമുന്നണിയും മാത്രമാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് പിന്നോട്ടുപോകുന്ന പ്രശ്നമില്ല. ജനകീയ വിഷയങ്ങളേറ്റെടുത്ത് ജനങ്ങളെ അണിനിരത്തി മുന്നേറുകതന്നെ ചെയ്യും. ഉത്തര ബംഗാളിനെ വെട്ടിമുറിച്ച് പ്രത്യേക സംസ്ഥാനമെന്ന വാദം ഉന്നയിക്കുന്ന ബിജെപി ഉത്തര ബംഗാൾ നേതാക്കൾക്കെതിരെ തൃണമൂൽ മൗനം പാലിക്കുകയാണെന്നും സിലിഗുരിയിൽ പാർടി പരിപാടിയിലും പിന്നീട് വാർത്താ സമ്മേളനത്തിലും സൂര്യകാന്ത് മിശ്ര പറഞ്ഞു.