ന്യൂഡൽഹി
പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങൾക്ക് പരിഹാരമായി പിസിസി അധ്യക്ഷൻ സുനിൽ ഝാക്കറെ ഉടൻ നീക്കും. മന്ത്രിസഭ അഴിച്ചുപണിയുമെന്നും പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. രണ്ട്–-മൂന്ന് ദിവസത്തിനകം മാറ്റങ്ങൾ നിലവിൽ വരും. മുഖ്യമന്ത്രി അമരീന്ദർസിങ്ങിനെ മാറ്റില്ല.അമരീന്ദറിനെതിരെ കലാപം നയിച്ച നവ്ജോത് സിദ്ദുവിന് പിസിസി അധ്യക്ഷ പദവി ലഭിച്ചേക്കും.
അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർഥി നിർണയത്തിൽ പിടിമുറുക്കാൻ പിസിസി അധ്യക്ഷസ്ഥാനം പ്രധാനമാണെന്ന് വിമതർ കരുതുന്നു. അമരീന്ദറിനൊപ്പം അടുത്തകാലംവരെ നിന്ന ഝാക്കർ ഈയിടെ മന്ത്രിസഭാ തീരുമാനങ്ങളെ വിമർശിച്ചിരുന്നു. അതോടെ ഝാക്കറിനെ നിലനിർത്താൻ അമരീന്ദറിനും താൽപ്പര്യമില്ലാതായി. ഇതിനിടെ, മന്ത്രിമാരിൽ ചിലരെ ഒഴിവാക്കിയാൽ കൂട്ടരാജിക്ക് ഒരുവിഭാഗം മന്ത്രിമാർ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.