ഹവാന
ക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം തീവ്രമാക്കിയും രാജ്യത്ത് വിധ്വംസക പ്രവർത്തനം പ്രോത്സാഹിപ്പിച്ചും അമേരിക്ക ലക്ഷ്യമിടുന്നത് “ഹൈബ്രിഡ്’ യുദ്ധം. ക്യൂബൻ സർക്കാരിനെ അട്ടിമറിക്കുന്നതിനൊപ്പം, ക്യൂബൻ കമ്യൂണിസ്റ്റ് പാർടിയെയും രാജ്യത്തെ സാമൂഹ്യ ഘടനയെയും തകർക്കുകയുമാണ് ലക്ഷ്യം. ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത ക്യൂബൻ പ്രസിഡന്റ് മിഗേൽ ദിയാസ് കനേൽ, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ കരുതിയിരിക്കണമെന്ന് ആഹ്വാനം ചെയ്തു.
അമേരിക്കൻ ഉപരോധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും കോവിഡ് സാഹചര്യവും മുതലാക്കി രാജ്യത്തിനെതിരെ മാധ്യമങ്ങൾ നടത്തുന്ന അസത്യ പ്രചാരണത്തെ കനേൽ അപലപിച്ചു. ഏതാനും ആഴ്ചകളായി സാമൂഹ്യ മാധ്യമങ്ങളിൽ ക്യൂബൻ വിപ്ലവത്തിന് എതിരായ പോസ്റ്റുകൾ പതിന്മടങ്ങ് വർധിച്ചു. ജനങ്ങളെ സ്വാധീനിക്കാനും അസംതൃപ്തി വളർത്താനുമാണ് നീക്കം. കോപ അമേരിക്കയിലെ വിജയം ആഘോഷിച്ച ബ്യൂണസ് അയേഴ്സിലെ ജനാവലിയും വർഷങ്ങൾക്കുമുമ്പ് ഈജിപ്തിൽ നടന്ന പ്രതിഷേധവും ക്യൂബയിലെ പ്രതിഷേധമായി സാമൂഹ്യ മാധ്യമങ്ങളിൽ പുനർജനിച്ചു. അതേസമയത്ത് രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായ റിപ്പോർട്ടുകൾ ട്വിറ്ററും ഫെയ്സ്ബുക്കും പ്രസിദ്ധീകരിച്ചു. ദുരിതത്തിലായ ജനങ്ങൾക്കായുള്ള സഹായാഭ്യർഥന എന്ന പേരിലും അമേരിക്ക ക്യൂബാവിരുദ്ധ പ്രചാരണം ശക്തമാക്കുന്നു. ‘എസ്ഒഎസ് ക്യൂബ ക്യാമ്പെയ്ൻ’ എന്ന പേരിൽ അസത്യം പ്രചരിപ്പിക്കുന്ന ഫ്ലോറിഡ ആസ്ഥാനമായ കമ്പനിക്കെതിരെ ക്യൂബൻ വിദേശ മന്ത്രി ബ്രൂണോ റോഡ്രിഗസും രംഗത്തെത്തി. സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസം കമ്പനിക്ക് ഫ്ലോറിഡ സർക്കാർ അനുമതി നൽകിയിരുന്നു. വിദേശ സൈന്യത്തിന്റെ ഇടപെടൽ ആവശ്യപ്പെടുന്ന ഈ ക്യാമ്പെയ്നുമായി ബന്ധമുണ്ടോ എന്ന് അമേരിക്ക വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്യൂബൻ ജനതയ്ക്ക് അമേരിക്ക സഹായമെത്തിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതിലെ ഇരട്ടത്താപ്പ് സ്പാനിഷ് ആക്ടിവിസ്റ്റ് ഹോസെ അന്റോണിയോ ടൊലെദൊയും ചൂണ്ടിക്കാട്ടി. സാധാരണ സൈനികനീക്കത്തിന്റെ ആദ്യപടിയായാണ് അമേരിക്ക ഇത്തരം നീക്കം നടത്താറ്. സൈനിക ഇടപെടൽ വേണമെന്ന ആവശ്യം കൃത്രിമമായി സൃഷ്ടിച്ച് അതിനുള്ള നിലമൊരുക്കുകയാണ്. ക്യൂബൻ സർക്കാരിനും സാമൂഹ്യവ്യവസ്ഥയ്ക്കും എതിരായ ഹൈബ്രിഡ് യുദ്ധമാണ് അമേരിക്ക ലക്ഷ്യമാക്കുന്നതെന്ന് ലാറ്റിൻ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ സംഘാടകനായ അലക്സാണ്ടർ ജർലമെങ്കൊയും പറഞ്ഞു.
6 പതിറ്റാണ്ട് പിന്നിട്ട അട്ടിമറി നീക്കം
ക്യൂബയെ തകർക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് ആറ് പതിറ്റാണ്ടിന്റെ പഴക്കം. ക്യൂബയ്ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന് 62 വർഷം പഴക്കമുണ്ട്. അമേരിക്കക്കാരുടെ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണ പ്ലാന്റുകൾ ദേശസാൽക്കരിച്ചതിനെ തുടർന്ന് 1960ലാണ് മരുന്ന്, ഭക്ഷണം എന്നിവ ഒഴികെയുള്ളവയുടെ കയറ്റുമതി നിരോധിച്ചത്. രണ്ടുവർഷത്തിനുശേഷം ഉപരോധം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ചു.
ഉപരോധം പിൻവലിക്കണമെന്ന് 1992ന് ശേഷം 29 പ്രാവശ്യം യുഎൻ പൊതുസഭ വൻഭൂരിപക്ഷത്തോടെ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊള്ളാൻ അമേരിക്ക തയ്യാറായില്ല. ഏറ്റവുമൊടുവിൽ കഴിഞ്ഞമാസം 184 രാജ്യം അമേരിക്കൻ ഉപരോധത്തിനെതിരെ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കയെ പിന്തുണച്ചത് ഇസ്രയേൽമാത്രം. ഒബാമ സർക്കാരിൽ വൈസ്പ്രസിഡന്റായിരുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, അന്നത്തെ നിലപാട് മാറ്റി ഡോണൾഡ് ട്രംപിന്റെ നിലപാട് പിന്തുടരുകയാണ്. ഉപരോധം ഏർപ്പെടുത്തുക മാത്രമല്ല, ഡോളറിലുള്ള ക്യൂബയുടെ വിനിമയം പരിമിതപ്പെടുത്തി മറ്റ് രാജ്യങ്ങളുമായും സാമ്പത്തിക ഇടപാട് അസാധ്യമാക്കി. കോവിഡ് മരുന്നുകൾ, വാക്സിനുകൾ എന്നിവ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളും ഘടക പദാർഥങ്ങളും ഇറക്കുമതി ചെയ്യുന്നതിൽപ്പോലും ഇത് തടസ്സം സഷ്ടിച്ചു. 2019 ഏപ്രിൽ മുതൽ 2020 ഡിസംബർവരെ ഉപരോധംമൂലം ക്യൂബയ്ക്ക് 915 കോടി ഡോളറിന്റെ (ഏകദേശം 67,854 കോടി രൂപ) നഷ്ടമുണ്ടായി. ആറുപതിറ്റാണ്ടിൽ ആകെ നഷ്ടം 14,785.3 കോടി ഡോളർ. അമേരിക്കൻ ഉപരോധം മൂലം ക്യൂബ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് അട്ടിമറിക്ക് സഹായിക്കും എന്നാണ് ബൈഡന്റെ കണക്കുകൂട്ടൽ.