ന്യൂഡൽഹി
പതിറ്റാണ്ടിലേറെയായി ദിവ്യബലിയും ആരാധനയും നടന്നുവന്ന ഡൽഹി അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ കത്തോലിക്കാ ദേവാലയം ഇടിച്ചുതകർത്ത കെജ്രിവാൾ സർക്കാരിന്റെ കിരാതനടപടി അപലപനീയമാണെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി സി സെബാസ്റ്റ്യൻ പറഞ്ഞു. സർക്കാർരേഖകളോടെ 1982 മുതൽ സ്വകാര്യവ്യക്തിയുടെ കൈവശമിരുന്ന ഭൂമിയാണ് പിന്നീട് ദേവാലയനിർമിതിക്ക് ഇഷ്ടദാനം നൽകിയത്. ഏഴിന് ഉദ്യോഗസ്ഥർ തയ്യാറാക്കിയ നോട്ടീസിന്മേൽ മറുപടിക്കും രേഖകളുടെ സമർപ്പണത്തിനും അവസരം നൽകാതെ പള്ളി തകർക്കുകയായിരുന്നു.
ഡൽഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമീഷന്റെയും ഉത്തരവുകളെ മറികടന്നുള്ള സർക്കാർ നടപടി ജനാധിപത്യഭരണത്തിന് തീരാകളങ്കമാണ്–-പ്രസ്താവനയിൽ പറഞ്ഞു. പള്ളി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് വൈദികരുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രാർഥനായജ്ഞം സംഘടിപ്പിച്ചു.
ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി
ഡൽഹിയിൽ കത്തോലിക്കാ ദേവാലയം ഇടിച്ചുപൊളിച്ചത് ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരാധനാലയങ്ങൾ സാധാരണ പ്രാർഥനയ്ക്ക് വേദിയായി ഉപയോഗിക്കുന്നതാണ്. അവിടെ സംഘർഷഭരിതമായ അന്തരീക്ഷം ഉണ്ടാകാൻ പാടില്ലായിരുന്നു. വിഷയത്തിൽ ഇടപെടുന്നതിൽ സംസ്ഥാന സർക്കാരിനുള്ള പരിമിതി അവർക്ക് ബോധ്യമുണ്ട്. പരിമിതിക്കുള്ളിൽനിന്നുകൊണ്ട് എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും–- മുഖ്യമന്ത്രി പറഞ്ഞു.