ചെന്നൈ
ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്ത് നടൻ വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഒരുലക്ഷം രൂപ പിഴയിട്ട് തള്ളി.
രണ്ടാഴ്ചയ്ക്കകം തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിൽ അടയ്ക്കണമെന്നും നിർദേശിച്ചു. 2021ൽ വാങ്ങിയ റോൾസ് റോയ്സ് ഗോസ്റ്റിന് ഇറക്കുമതി തീരുവ അടച്ചതാണെന്ന് വിജയ് സത്യവാങ്മൂലത്തിൽ അറിയിച്ചു. രജിസ്ട്രേഷന് സമീപിച്ചപ്പോൾ അധികൃതർ പ്രവേശന നികുതി അടയ്ക്കാൻ നിർദേശിക്കുകയായിരുന്നെന്ന് വിജയ് പറഞ്ഞു. എന്നാൽ, വലിയ ആരാധകവൃന്ദമുള്ള വിജയ് കൃത്യമായി നികുതിയടച്ച് മാതൃകയാകണമെന്ന് കോടതി നിരീക്ഷിച്ചു. വെള്ളിത്തിരയിലെ നായകൻമാത്രമാകരുത്. നികുതിവെട്ടിപ്പ് രാജ്യവിരുദ്ധമാണെന്നും ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ഉത്തരവിൽ പറഞ്ഞു.















