ബത്തേരി
നിയമസഭാ തെരഞ്ഞെടുപ്പിൽ സി കെ ജാനുവിനെ എൻഡിഎ സ്ഥാനാർഥിയാക്കാൻ ബിജെപി നേതാക്കൾ ലക്ഷങ്ങൾ കോഴ നൽകിയെന്ന കേസിൽ പണമിടപാട് നടന്ന ബത്തേരി മണിമല ഹോംസ്റ്റേയിൽ അന്വേഷകസംഘം തെളിവെടുത്തു. കേസിലെ പ്രധാന സാക്ഷി ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്റെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ മണിമല ഹോംസ്റ്റേയുടെ മുകളിലത്തെ നിലയിലെ മുറിയിൽ വെച്ച് കോഴപ്പണം ജാനുവിന് കൈമാറുന്നത് കണ്ടതായി പ്രസീത പറഞ്ഞു. മാർച്ച് 26ന് രാവിലെ എട്ടോടെയാണ് പണമടങ്ങിയ സഞ്ചിയുമായി പ്രശാന്ത് മലവയൽ ജാനുവും ജെആർപി പ്രവർത്തകരും താമസിക്കുന്ന ഹോം സ്റ്റേയിലെത്തിയത്. അപ്പോൾ ജാനു സ്വന്തം മുറിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു. അതിനാൽ താൻ താമസിക്കുന്ന മുറിയിലേക്കാണ് പ്രശാന്ത് കയറി വന്നത്. പുജാ നിവേദ്യമെന്ന് പറഞ്ഞ് പണമടങ്ങിയ തുണി സഞ്ചി മേശപ്പുറത്ത് വെച്ചു. നോട്ടുകെട്ടുകൾക്ക് മുകളിൽ സഞ്ചിയിൽ ചെറിയ വാഴപ്പഴങ്ങളും നിറച്ചിരുന്നു. മാധ്യമങ്ങളുടെ ഇന്റർവ്യൂ കഴിഞ്ഞ ശേഷം സി കെ ജാനു ഈ മുറിയിലേക്ക് വന്ന് പണമടങ്ങിയ സഞ്ചി വാങ്ങി തന്റെ സഹായിക്ക് നൽകി. 25 ലക്ഷം രൂപയാണ് സഞ്ചിയിലുണ്ടായിരുന്നതെന്നും പ്രസീത അന്വേഷകസംഘത്തെ അറിയിച്ചു. പ്രശാന്ത് പണം വെച്ച സ്ഥലവും മറ്റും പ്രസീത കാണിച്ചു. ഡിവൈഎസ്പി ആർ മനോജ്കുമാറിന്റെ നേതൃ ത്വത്തിലായിരുന്നു ഒന്നര മണിക്കൂറോളം നീണ്ട തെളിവെടുപ്പ്. തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽ വെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ ജാനുവിന് കൈമാറിയത് സംബന്ധിച്ച ആരോപണത്തിൽ അന്വേഷകസംഘം അടുത്ത ദിവസം ഹോട്ടലിലെത്തി തെളിവെടുക്കും.
കുഴൽപ്പണക്കേസ്:
ക്രൈംബ്രാഞ്ച്
അന്വേഷണഹർജി തള്ളി
ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യഹർജി തള്ളി. ഹർജിക്കാരന് കോടതി 10,000 രൂപ പിഴയും ചുമത്തി. അഴിമതി വിരുദ്ധ മനുഷ്യാവകാശ കൗൺസിൽ പ്രസിഡന്റ് ഐസക് വറുഗീസിനാണ് പിഴ ചുമത്തിയത്. തുക ഒരു മാസത്തിനകം ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണം. ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ വസ്തുതാപരമല്ലെന്നും കേസിനെപ്പറ്റി ഒന്നും അറിയാതെയാണ് ഹർജി നൽകിയതെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.