വെംബ്ലി
ഇറ്റലിയുടെ വിജയത്തിന് പല നിർവചനങ്ങളുമുണ്ട്. റോബർട്ടോ മാൻസീനി വരുത്തിയ ശൈലിമാറ്റം, മധ്യനിര കേന്ദ്രീകരിച്ചുള്ള ആക്രമണരീതി, ഊർജസ്വലരായ യുവനിര. പക്ഷേ എല്ലാം ഒറ്റ അടിത്തറയിലാണ്. പ്രതിരോധത്തിലെ ജോർജിയോ കില്ലെനി–-ലിയണാർഡോ ബൊനൂഷി കൂട്ടുകെട്ട് നൽകുന്ന ഉറപ്പിൻമേൽ. പ്രതിരോധത്തിൽമാത്രം ആശ്രയിച്ചുള്ള ഇറ്റാലിയൻ കളിസംസ്കാരത്തിലാണ് മാൻസീനി മാറ്റം കൊണ്ടുവന്നത്. പ്രതിരോധത്തിൽ പക്ഷേ, അഴിച്ചുപണികളുണ്ടായില്ല. പതിറ്റാണ്ടായി അസൂറികളുടെ കാവൽക്കാരായ കില്ലെനിയെയും ബൊനൂഷിയെയും വിശ്വസ്തരാക്കി.
മാൻസീനിയുടെ തന്ത്രങ്ങളിൽ നിർണായകസ്ഥാനമാണ് യുവന്റസ് പ്രതിരോധക്കാർക്ക്. എല്ലാം മറന്ന് ആക്രമണം അഴിച്ചുവിടുമ്പോൾ പിൻനിരയ്ക്ക് ഉറപ്പുവേണമെന്ന് മുൻ മുന്നേറ്റക്കാരനായ മാൻസീനിക്ക് നല്ലവണ്ണം അറിയാം. നോക്കൗട്ട് ഘട്ടത്തിൽ കെട്ടുറച്ച പ്രതിരോധത്തിൽ ചവിട്ടിനിന്നാണ് ഇറ്റലി വിജയം കൊയ്തത്. ഏഴ് കളിയിൽ നാല് ഗോൾമാത്രമാണ് അസൂറികൾ വഴങ്ങിയത്. ആദ്യ മത്സരത്തിൽ കില്ലെനി പരിക്കേറ്റ് പുറത്തുപോയെങ്കിലും പിന്നീട് തിരിച്ചുവന്നു.
2004ലാണ് കില്ലെനി അരങ്ങേറിയത്. ബൊനൂഷി 2010ലും. ഇതുവരെ 219 കളിയിലാണ് ഇരുവരും ഒന്നിച്ച് ഇറ്റലിക്ക് കാവൽനിന്നത്. യുവന്റസിലും ഒന്നിച്ചാണ്. കളത്തിൽ ഒരേ മനസ്സാണ്. കണ്ണെത്തുന്നിടത്ത് കാലെത്തും. കൃത്യമായ വിന്യാസം. ബൊനൂഷി മുന്നോട്ടുനീങ്ങുമ്പോൾ കില്ലെനി പിൻവാങ്ങും. ഒറ്റയ്ക്ക് ചങ്ങലയുടെ കടിഞ്ഞാണാകും. ഭാര്യയേക്കാൾ നന്നായി ബൊനൂഷിയെ അറിയാമെന്നായിരുന്നു ഒരിക്കൽ കില്ലെനി പറഞ്ഞത്.