വെംബ്ലി
യൂറോയുടെ താരമായി ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മ. മികച്ച കളിക്കാരനുള്ള സ്വർണപ്പന്ത് ഇരുപത്തിരണ്ടുകാരൻ കൈയിലാക്കി. 1992ൽ ഡെൻമാർക്കിന്റെ പീറ്റർ ഷ്മെക്കേലിനുശേഷം യൂറോയിലെ മികച്ച കളിക്കാരനാകുന്ന ആദ്യ ഗോളിയാണ് ദൊന്നരുമ്മ. 1996ൽ തുടങ്ങിയ സ്വർണപ്പന്ത് പുരസ്കാരം സ്വന്തമാക്കുന്ന ഏക കാവൽക്കാരനും.
കിരീടപ്പോരിലെ ഷൂട്ടൗട്ടിൽ രണ്ട് രക്ഷപ്പെടുത്തലുകൾ ഉൾപ്പെടെ ഇറ്റാലിയൻ കുതിപ്പിന് ഊർജമായാത് ദൊന്നരുമ്മയാണ്. സെമിയിൽ സ്പെയ്നിനെതിരെയും ഒരു രക്ഷപ്പെടുത്തൽ. 17–-ാം വയസ്സിൽ ഇറ്റലി കുപ്പായമണിഞ്ഞ ദൊന്നരുമ്മ ജിയാൻല്യൂജി ബുഫൺ വിടവാങ്ങിയശേഷം ഒന്നാംനമ്പർ ഗോളിയായി.
ഇതുവരെ 33 കളികൾ. വഴങ്ങിയത് 15 ഗോൾ. പതിനെട്ട് കളിയിൽ ദൊന്നരുമ്മയുടെ വലയിൽ പന്ത് എത്തിയില്ല. തുടർച്ചയായി 1000 മിനിറ്റിലധികം ഗോൾ വഴങ്ങിയില്ല. ആറടി അഞ്ചിഞ്ചുകാരനായ ദൊന്നരുമ്മയ്ക്ക് ബാറിനുകീഴിൽ പിഴയ്ക്കാത്ത കണക്കുകൂട്ടലുകളാണ്. നിലത്തും വായുവിലും അനായാസം ഡൈവ് ചെയ്യും. ഏത് പന്തും കുത്തിയകറ്റാൻ ഉയരക്കൂടുതൽ സഹായിക്കുന്നു. അടുത്തവർഷം ഖത്തർ ലോകകപ്പിലും ദൊന്നരുമ്മയുടെ കൈകളിലാണ് ഇറ്റലി വിശ്വാസമർപ്പിക്കുന്നത്. ആറ് വർഷത്തെ എസി മിലാൻ ജീവിതം അവസാനിപ്പിച്ച് പിഎസ്ജിയിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് ഇരുപത്തിരണ്ടുകാരൻ.