കാഠ്മണ്ഡു
നേപ്പാൾ പ്രധാനമന്ത്രിയായി നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദ്യൂബയെ നിയമിക്കാൻ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിക്ക് നിർദേശം നൽകി സുപ്രീംകോടതി. പിരിച്ചുവിട്ട പ്രതിനിധി സഭ പുനഃസ്ഥാപിക്കുകയും ചെയ്തു. ദ്യൂബയെ ചൊവ്വാഴ്ചയോടെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ചോളേന്ദ്ര ഷംഷേർ റാണ തലവനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്.
ദ്യൂബ നാലുപ്രാവശ്യം പ്രധാനമന്ത്രിയായിട്ടുണ്ട്.അഞ്ച് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് സുപ്രീംകോടതി പ്രതിനിധിസഭ പുനഃസ്ഥാപിക്കുന്നത്. പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ ശുപാർശപ്രകാരം മെയ് 22ന് രണ്ടാംതവണ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ്, നവംബർ 12നും 19നും തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ ഇടക്കാല തെരഞ്ഞെടുപ്പിന്റെ സമയക്രമവും പ്രഖ്യാപിച്ചു. പാർലമെന്റ് പിരിച്ചുവിട്ടതിനെതിരെ ലഭിച്ച മുപ്പത് പരാതിയാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.