ന്യൂഡൽഹി
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് കോവിഡ് മാനദണ്ഡങ്ങളോടെ 19ന് തുടക്കമാകുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. പകൽ 11 മുതൽ ആറുവരെയാണ് സഭ സമ്മേളിക്കുക. ആഗസ്ത് 13വരെ 19 സിറ്റിങ്ങുണ്ടാകും. കോവിഡ് വാക്സിൻ എടുക്കാത്ത എംപിമാർക്കും ജീവനക്കാർക്കും മാധ്യമപ്രവർത്തകർക്കും ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാണ്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്ക് ടെസ്റ്റ് ആവശ്യമില്ല. സന്ദർശകരെ അനുവദിക്കില്ല.
79 ശതമാനം എംപിമാരും രണ്ട് ഡോസ് വാക്സിനും 411 പേർ ഒരു ഡോസ് വാക്സിനും എടുത്തവരാണ്. ശേഷിക്കുന്നവർ ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ പറ്റാത്തവരാണ്. ലോക്സഭയിൽ 280 എംപിമാർക്ക് ചേംബറിലും 259 എംപിമാർക്ക് ഗ്യാലറിയിലും ഇരിപ്പിടമൊരുക്കും.
പുതിയ പാർലമെന്റ് മന്ദിരം നിശ്ചയിച്ച സമയത്ത് പൂർത്തീകരിക്കും. എല്ലാ പാർലമെന്ററി നടപടിക്രമവും ഒരൊറ്റ വേദിയിൽ ലഭ്യമാക്കാൻ മൊബൈൽ ആപ് വികസിപ്പിക്കും. പാർലമെന്റ് ലൈബ്രറി പൂർണമായും ഡിജിറ്റലൈസ് ചെയ്യും. 1854 മുതലുള്ള രേഖകൾ ഡിജിറ്റലായി ലഭ്യമാക്കും. പാർലമെന്റ് –-നിയമസഭാ ലൈബ്രറികളെ ഒരൊറ്റ ഡിജിറ്റൽ വേദിയിൽ ലഭ്യമാക്കും. എംപിമാർക്ക് ലൈബ്രറിയിലെ ബുക്കുകൾ വീടുകളിലെത്തിക്കുന്ന സംവിധാനത്തിന് തുടക്കമിടുമെന്നും–- ബിർള പറഞ്ഞു. 40 ബില്ലും അഞ്ച് ഓർഡിനൻസും വർഷകാല സമ്മേളനം പരിഗണിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്ന് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. കഴിഞ്ഞ ശീതകാല സമ്മേളനം പൂർണമായും ഉപേക്ഷിച്ചിരുന്നു.