ഹവാന
ക്യൂബയിൽ വിധ്വംസക പ്രവർത്തനങ്ങൾക്കും അസ്ഥിരീകരണത്തിനും അമേരിക്ക 20 ലക്ഷം ഡോളർ ( 15 കോടി രൂപ) കൂടി വകയിരുത്തി. പൊതുസമൂഹമെന്ന വ്യാജേന നിൽക്കുകയും എന്നാൽ, അമേരിക്കയുടെ ഉത്തരവുകൾ നടപ്പാക്കുകയും ചെയ്യുന്ന പ്രതിവിപ്ലവകാരികൾക്കും വലതുപക്ഷസംഘങ്ങൾക്കുമാണ് അമേരിക്കൻ അന്താരാഷ്ട്ര വികസന ഏജൻസി(യുഎസ്എഐഡി) പണം അനുവദിച്ചത്.
ഉപരോധത്തിലൂടെ ക്യൂബയെ വരിഞ്ഞുമുറുക്കുമ്പോൾ തന്നെ അവിടെ അട്ടിമറി നടത്താൻ കമ്യൂണിസ്റ്റ് വിരുദ്ധ സംഘങ്ങൾക്ക് ശതകോടിക്കണക്കണിന് ഡോളർ അമേരിക്ക ആറ് പതിറ്റാണ്ടിനിടെ നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യുഎസ്എഐഡിയുടെയും നാഷണൽ എൻഡോവ്മെന്റ് ഫോർ ഡെമോക്രസിയുടെയും പേരിൽ 25 കോടി ഡോളർ അമേരിക്ക ക്യൂബയിലെ വലതുപക്ഷത്തിന് നൽകിയിട്ടുണ്ടെന്ന് പ്രെൻസ ലത്തീന റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞവർഷം യുഎസ് ഏജൻസികൾ 25 ലക്ഷം ഡോളർ നൽകിയതായി അമേരിക്കൻ മാധ്യമ പ്രവർത്തകൻ ട്രേസി ഈറ്റണിന്റെ ക്യൂബ മണി പ്രോജക്ട് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.