ന്യൂഡൽഹി
ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസമായി മിന്നലേറ്റ് എഴുപതിലേറെ മരണം. ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ വീട് നിലംപൊത്തി എട്ടുവയസ്സുകാരനടക്കം മൂന്നു പേർ മരിച്ചു. മിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാൻ, യുപി സർക്കാരുകൾ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ടുലക്ഷം രൂപ സഹായധനം നൽകുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചു.
രാജസ്ഥാനിലെ ജയ്പുരിൽ 12–-ാം നൂറ്റാണ്ടിൽ നിർമിച്ച അമർ കോട്ടയുടെ നിരീക്ഷണഗോപുരത്തിന് മുകളിൽ സെൽഫി എടുത്തുകൊണ്ടിരിക്കെ 11 പേർ മിന്നലേറ്റ് മരിച്ചു. ഗോപുരത്തിലും കോട്ടയ്ക്ക് മുകളിലായും മുപ്പതോളം സന്ദർശകരുണ്ടായിരുന്നു. മിന്നലിന്റെ തീവ്രതകണ്ട് ഭയന്ന് നിരീക്ഷണഗോപുരത്തിന് മുകളിൽനിന്ന് ചാടിയ നിരവധി പേർക്ക് പരിക്കേറ്റു. സംസ്ഥാനത്താകെ 23 പേർ മിന്നലേറ്റ് മരിച്ചതായും 25 പേർക്ക് പരിക്കേറ്റതായും ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ഉത്തർപ്രദേശിൽ 16 ജില്ലയിലായി 46 പേർ മിന്നലേറ്റ് മരിച്ചു. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുപി ദുരിതാശ്വാസ കമീഷണർ അറിയിച്ചു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മധ്യപ്രദേശിൽ 12 പേരാണ് മിന്നലേറ്റ് മരിച്ചത്.