ന്യൂഡൽഹി
ഉത്തർപ്രദേശ് ജനസംഖ്യാനിയന്ത്രണ ബില്ലിലെ വ്യവസ്ഥകളിൽ വിയോജിപ്പ് അറിയിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഒരു കുട്ടി മതിയെന്ന് തീരുമാനിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന വ്യവസ്ഥ വിവിധ മതവിഭാഗങ്ങൾക്കിടയിലെ അസമത്വം വർധിപ്പിക്കും. ചില കുടുംബങ്ങളിൽ വയസ്സായ രക്ഷിതാക്കളെ നോക്കാൻ പ്രായപൂർത്തിയായ ഒരാൾമാത്രം ഉണ്ടാകുന്ന സാഹര്യമുണ്ടാകുന്നതുൾപ്പെടെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.
സഹോദരരോടൊത്ത് ജീവിച്ച പരിചയം ഇല്ലാത്ത ഒറ്റക്കുട്ടിക്ക് സമൂഹവുമായി സഹകരിക്കാൻ കഴിവ് കുറവാകുമെന്നും വിഎച്ച്പി വാദിച്ചു. ഒറ്റക്കുട്ടി നയം ചൈനയിൽ പിൻവലിച്ചതാണെന്നും ഈ പശ്ചാത്തലത്തിൽ വ്യവസ്ഥ പുനഃപരിശോധിക്കണമെന്നും വിഎച്ച്പി നിവേദനത്തിലൂടെ നിയമകമീഷനോട് ആവശ്യപ്പെട്ടു. രണ്ട് കുട്ടികളെന്ന നിബന്ധന പ്രോത്സാഹിപ്പിച്ച് ജനസംഖ്യ നിയന്ത്രിക്കുകയെന്ന ബില്ലിലെ അടിസ്ഥാനലക്ഷ്യത്തോട് യോജിപ്പാണെന്നും വിഎച്ച്പി അറിയിച്ചു.