ചെന്നൈ
രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് ആവർത്തിച്ച് സൂപ്പർതാരം രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി രൂപീകരിച്ച രജനി മക്കൾ മൺട്രം (ആർഎംഎം) പിരിച്ചുവിട്ടു. രജനികാന്ത് ഫാൻസ് ഫോറത്തിന് (രജനികാന്ത് രസിഗർ നർപണി മൺട്രം) കീഴിൽ ക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്ന് രജനികാന്ത് പറഞ്ഞു. രജനികാന്തിന്റെ ഉടമസ്ഥതയിലുള്ള വിവാഹമണ്ഡപത്തിൽ നടന്ന ഭാരവാഹികളുടെ യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
തന്റെ തീരുമാനം ജനങ്ങളെയും ആരാധകരെയും നിരാശപ്പെടുത്തുമെന്നും ഖേദം പ്രകടിപ്പിക്കുന്നതായും രജനികാന്ത് പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയിലെ ചികിത്സയ്ക്കുശേഷം ദിവസങ്ങൾക്കുമുമ്പാണ് രജനികാന്ത് തിരിച്ചെത്തിയത്.എഴുപതുകാരനായ രജനികാന്ത് കഴിഞ്ഞ ഡിസംബറിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതുമുതൽ നിലനിന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരമമായി.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് 2021 ജനുവരിയിൽ രാഷ്ട്രീയ പാർടി പ്രഖ്യാപിക്കുമെന്നാണ് ഡിസംബർ മൂന്നിന് അറിയിച്ചത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഡിസംബർ അവസാനം രജനി പിന്മാറി. ഇത് രജനിയെ വലയിലാക്കാൻ ശ്രമിച്ചുവന്ന ബിജെപിക്ക് ക്ഷീണമായി.