കളമശേരി
കാലത്തിന്റെ വെല്ലുവിളിക്കനുസരിച്ച് നവവിജ്ഞാന സമൂഹമായി കേരളത്തെ മാറ്റാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നേതൃത്വം നൽകണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കൊച്ചി സർവകലാശാല സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.
പൂർവവിദ്യാർഥികളുടെയും പൂർവ അധ്യാപകരുടെയും പിന്തുണയോടെ പ്രാദേശിക സമൂഹത്തിന്റെ ഉൽക്കണ്ഠ ഏറ്റെടുക്കാൻ സർവകലാശാലയെ പ്രാപ്തമാക്കണം. സർവകലാശാല ഉൽപ്പാദിപ്പിക്കുന്ന വിജ്ഞാനം വിദ്യാർഥികളിലേക്കും കുടുംബശ്രീ പ്രവർത്തകരിലേക്കുംവരെ എത്തിക്കണം. പുതിയ സാങ്കേതിക വിദ്യകളുടെ കാലത്തിന് ചേർന്ന ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിക്കാൻ സർവകലാശാല നിയമപഠന വകുപ്പ് തയ്യാറാകണം.
അതിർവരമ്പുകളില്ലാതാകുന്ന ലോകത്ത് ജീവിക്കാൻ കൂടുതൽ മികച്ച പഠനരീതി കൊണ്ടുവരണം. വലിയ പദ്ധതികളാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. അതിലേക്ക് വലിയ സംഭാവനയാണ് കൊച്ചി സർവകലാശാലയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.