ന്യൂഡൽഹി
തമിഴ്നാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ കൊങ്കുനാട് വിവാദത്തിൽ ഒറ്റപ്പെട്ട് ബിജെപി. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയപാർടികളെല്ലാം വിഭജന നീക്കത്തിനെതിരായി ഒറ്റക്കെട്ടായതോടെ ബിജെപി തീർത്തും പ്രതിരോധത്തിലായി. ബിജെപിയുടെ കേന്ദ്ര നേതൃത്വമാകട്ടെ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചില്ല. തമിഴ്നാട്ടിൽനിന്നുള്ള പുതിയ കേന്ദ്രമന്ത്രി എൽ മുരുകനും മൗനംപാലിച്ചു. മുരുകന് പകരമായി ബിജെപിയുടെ തമിഴ്നാട് പ്രസിഡന്റായ കെ അണ്ണാമലൈയും കൊങ്കുനാട് വിഷയം കണ്ടില്ലെന്ന് നടിക്കുകയാണ്.
തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കുകയെന്നത് ബിജെപിയുടെ നിലപാടല്ലെന്നും സമൃദ്ധമായ തമിഴ്നാടും ശക്തമായ ഇന്ത്യയുമാണ് ലക്ഷ്യമെന്നും പാർടി സംസ്ഥാന വക്താവ് എ എൻ എസ് പ്രസാദ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റോ ജനറൽ സെക്രട്ടറിമാരോ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ വ്യക്തിപരമായ പ്രതികരണങ്ങൾക്ക് പാർടി ഭാരവാഹികൾ മുതിരരുത്–- പ്രസാദ് വിശദീകരിച്ചു.
ബിജെപിയുടെ പല സംസ്ഥാന–- ജില്ലാ ഭാരവാഹികളും ചില ജില്ലാ ഘടകങ്ങളും കൊങ്കുനാട് രൂപീകരണ നീക്കത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. കൊങ്കുനാട് രൂപീകരണം ആവശ്യപ്പെട്ട് കോയമ്പത്തൂർ നോർത്ത് ജില്ലാ ഘടകം പ്രമേയം പാസാക്കിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും വിഭജനത്തെ അനുകൂലിച്ചു. എന്നാൽ തമിഴ്നാട്ടിലെങ്ങും ബിജെപിക്കെതിരെ വലിയ പ്രതിഷേധമുയർന്നതോടെയാണ് വിശദീകരണത്തിന് സംസ്ഥാന വക്താവ് നിർബന്ധിതമായത്.