ന്യൂഡൽഹി
മലയാളി യുവാവിനെ രാജസ്ഥാനിൽ ദുരഭിമാനഹത്യക്ക് ഇരയാക്കിയ കേസിൽ പ്രതിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഗർഭിണിയായ ഭാര്യക്ക് മുന്നിൽവച്ച് മലയാളി അമിത്നായരെ വെടിവച്ച് കൊന്ന കേസിലെ പ്രതി മുകേഷ് ചൗധ്രിയുടെ ജാമ്യമാണ് ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. അമിത്നായരുടെ ഭാര്യയും മുകേഷ്ചൗധ്രിയുടെ സഹോദരിയുമായ മമത നായർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ. മുകേഷ് ചൗധ്രിയോട് ഉടൻ കീഴടങ്ങാനും 47 സാക്ഷികളിൽ 17 പേരുടെയും വിസ്താരം പൂർത്തിയായ സാഹചര്യത്തിൽ വിചാരണക്കോടതി ഒരാഴ്ചയ്ക്കകം വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
2011ൽ വിവാഹിതരായെങ്കിലും മിശ്രജാതിയായതിനാൽ മമത വീട്ടുകാരെ അറിയിച്ചിരുന്നില്ല. വിവാഹവിവരം അറിഞ്ഞതോടെ മമതയുടെ ബന്ധുക്കൾ ഇരുവരെയും ഭീഷണിപ്പെടുത്താൻ തുടങ്ങി. 2017 മേയിൽ ജയ്പുരിലെ വീട്ടിൽകയറി മുകേഷും സംഘവും ആറ്മാസം ഗർഭിണിയായ മമതയുടെ മുന്നിലിട്ട് അമിത്നായരെ വെടിവയ്ക്കുകയായിരുന്നു. കൊലപാതകം, ഗൂഢാലോചന വകുപ്പുകളിൽ അറസ്റ്റിലായ മുകേഷ് ഡിസംബറിൽ ജാമ്യത്തിലിറങ്ങി. തുടർന്ന്, തന്നെയും മൂന്നരവയസ്സുള്ള കുട്ടിയെയും മുകേഷ് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് മമത കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവർ സുപ്രീംകോടതിയെ സമീപിച്ചത്. മാതാപിതാക്കളും സഹോദരനും ബന്ധുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന് മമത വാദിച്ചു.