ന്യൂഡൽഹി
സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ കേന്ദ്രസഹകരണ മന്ത്രാലയത്തിന് സാധിക്കില്ലെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ. മഹാരാഷ്ട്രയിലെ സഹകരണ മേഖലയിലെ നിയമങ്ങൾക്ക് നിയമസഭയാണ് രൂപം നൽകിയത്. കേന്ദ്രത്തിന് ഇതിൽ ഇടപെടാനാകില്ല. കേന്ദ്രത്തിൽ രൂപീകരിക്കുന്ന സഹകരണ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് പ്രശ്നം സൃഷ്ടിക്കുമെന്ന റിപ്പോർട്ടുകൾക്ക് അടിസ്ഥാനമില്ല. ഭരണഘടനാപരമായി ഈ വിഷയം സംസ്ഥാനങ്ങളുടെ അവകാശമാണ്. ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവ മാത്രമേ കേന്ദ്രനിയന്ത്രണത്തിൽ വരൂ–- പവാർ വ്യക്തമാക്കി.
സഹകരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിൽ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പ്രതികരിച്ചു. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്വിറ്ററിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. സഹകരണ മന്ത്രിയായി ചുമതലയേറ്റില്ലെങ്കിലും മേഖലയുമായി ബന്ധപ്പെട്ട വിവിധ ആളുകളെ ഷാ കണ്ടുതുടങ്ങി.
ഇഫ്കോ, നാഫെഡ്, എൻസിയുഐ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കാർഷികോൽപ്പന്ന സംഘടനകൾക്ക് നൽകുന്ന അതേ ആനുകൂല്യങ്ങളും ഇളവുകളും പ്രാഥമിക കാർഷിക സഹകരണ സ്ഥാപനങ്ങൾക്ക് നൽകുമെന്ന് ഷാ ഉറപ്പുനൽകിയതായി ഇവർ അറിയിച്ചു. സഹകരണ മേഖലയിലെ വിഷയങ്ങൾ ചർച്ചചെയ്യാൻ സംസ്ഥാനതല സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ ഒരു യോഗം ഇഫ്കോയും എൻസിയുഐയും മുൻകൈയെടുത്ത് വിളിച്ചുചേർക്കണമെന്ന ആഗ്രഹവും ഷാ പ്രകടമാക്കി.