നെടുമ്പാശേരി
കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് പോയ എയർ ഇന്ത്യ വിമാനം അതിശക്തമായ ആകാശച്ചുഴിയിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. വിമാനം തിരിച്ചിറക്കി. ഒരു എയർഹോസ്റ്റസിനും കവരത്തി എസ്ഐ അമീർ ബിൻ മുഹമ്മദി (ബെന്നി)നുമാണ് നിസ്സാര പരിക്കേറ്റത്. ആയിഷ സുൽത്താനയെ ചോദ്യം ചെയ്ത് കവരത്തിയിലേക്ക് മടങ്ങുകയായിരുന്നു എസ്ഐ.
ശനിയാഴ്ച പകൽ 11.30നാണ് കൊച്ചിയിൽനിന്ന് അഗത്തിയിലേക്ക് വിമാനം പുറപ്പെട്ടത്. ലാൻഡിങ്ങിന് അഞ്ചുമിനിറ്റുമുമ്പാണ് അപകടം. പെെലറ്റിന്റെ സമയോചിത ഇടപെടലിലാണ് വിമാനം നിയന്ത്രണവിധേയമായത്. അഗത്തിയിൽ മറ്റ് വിമാനത്താവളങ്ങൾ ഇല്ലാത്തതിനാൽ പകൽ 2.30ന് വിമാനം നെടുമ്പാശേരിയിൽ തിരിച്ചിറക്കി. 22 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരെ നെടുമ്പാശേരിയിലെ സ്വകാര്യ ഹോട്ടലിൽ താമസിപ്പിച്ചു. ലക്ഷദ്വീപിൽ കാലാവസ്ഥ മോശമായതിനാൽ ഞായറാഴ്ചയും മടങ്ങാനായില്ല. അടുത്ത ദിവസംതന്നെ ഇവർക്ക് യാത്രാസൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.