ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി ചട്ടങ്ങളനുസരിച്ച് ഇന്ത്യൻ പൗരനെ പരാതിപരിഹാര ഉദ്യോഗസ്ഥനാക്കി ട്വിറ്റർ. റെസിഡെന്റ് ഗ്രീവിയൻസ് ഓഫീസറായി വിനയ് പ്രകാശിനെ നിയമിച്ചതായി ട്വിറ്റർ അറിയിച്ചു. 2021 മെയ്മുതൽ ജൂൺവരെയുള്ള കാലയളവിൽ ഇന്ത്യയിലെ ഉപയോക്താക്കളിൽനിന്ന് ലഭിച്ച പരാതിയിൽ നടപടി വിശദീകരിച്ച് സുതാര്യതാ റിപ്പോർട്ടും പുറത്തിറക്കി. പുതിയ ഐടി ചട്ടത്തിൽ സുതാര്യതാ റിപ്പോർട്ട് പുറത്തിറക്കണമെന്ന നിർദേശവുമുണ്ടായിരുന്നു. ഇന്ത്യയിൽ താമസിക്കുന്ന ചീഫ് കംപ്ലൈന്റ്സ് ഓഫീസർ, നോഡൽ ഓഫീസർ, ഗ്രീവിയൻസ് ഓഫീസർ തുടങ്ങിയവരെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതിൽ കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിൽ വലിയ തർക്കവും ഉടലെടുത്തിരുന്നു.