ന്യൂഡൽഹി
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി ചുമതലയേറ്റ നിഷിത് പ്രാമാണിക്കിന്റെ വിദ്യാഭ്യാസ യോഗ്യതയിൽ വിവാദം. പശ്ചിമബംഗാളിലെ കൂച്ച്ബിഹറിൽ നിന്നുള്ള എംപിയായ പ്രാമാണിക്കിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും ലോക്സഭയിൽ നൽകിയ സത്യവാങ്മൂലത്തിലും വിദ്യാഭ്യാസയോഗ്യതയുടെ വിശദാംശങ്ങളിൽ വലിയ വ്യത്യാസമുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021 മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാമാണിക്ക് നൽകിയ സത്യവാങ്മൂലത്തിൽ ബംഗാൾ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന്റെ മാധ്യമിക് പരീക്ഷയാണ് യോഗ്യതയെന്ന് സാക്ഷ്യപ്പെടുത്തി. എന്നാൽ, ലോക്സഭാ വെബ്സൈറ്റിലെ പ്രൊഫൈലിൽ ‘ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്’ (ബിസിഎ) ആണ് നൽകിയിട്ടുള്ളത്.
മാർച്ചിലെ സത്യവാങ്മൂലത്തിൽ സെക്കൻഡറി പരീക്ഷ എഴുതിയിട്ടുണ്ടെന്ന് മാത്രം സാക്ഷ്യപ്പെടുത്തിയ മന്ത്രി മാസങ്ങൾക്കുള്ളിൽ ബിസിഎ പാസായതിന്റെ രഹസ്യം വെളിപ്പെടുത്തണമെന്ന് തൃണമുൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. 2018ൽ തൃണമൂലിൽനിന്ന് പുറത്താക്കിയ പ്രാമാണിക്ക് ബിജെപിയിൽചേർന്ന് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജയിച്ചിരുന്നു.