ന്യൂഡൽഹി
സാമൂഹ്യമാധ്യമങ്ങൾ മറ്റുള്ളവരെ അവഹേളിക്കാൻ ആയുധമാക്കരുതെന്ന് സുപ്രീംകോടതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് എതിരെ ഫെയ്സ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയ കോളേജ് അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതി നിരീക്ഷണം. ‘സാമൂഹ്യമാധ്യമങ്ങൾ അധിക്ഷേപിക്കാനുള്ള സ്ഥലമല്ല. എന്ത് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്? വിമർശനങ്ങൾ ഉന്നയിക്കാനും തമാശകൾ പറയാനും ഒരു ഭാഷയുണ്ട്. തോന്നിയതെന്തും പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ല’–- ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഉത്തർപ്രദേശ് ഫിറോസാബാദ് എസ്ആർകെ കോളേജ് ചരിത്രാധ്യാപകൻ പ്രൊഫ. ഷഹരിയാർ അലിയുടെ ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്ന് കോടതി പറഞ്ഞതിനെ തുടർന്ന് ഹർജി പിൻവലിച്ചു. അലഹബാദ് ഹൈക്കോടതിയും അലിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
അധിക്ഷേപം: പ്രതിക്ക് ജാമ്യം
പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ മധ്യപ്രദേശിൽ ഒരാൾ പിടിയിൽ. ഉജ്ജയിൻ ജില്ലയിലെ അക്യ ജാഗീർ സ്വദേശിയായ ഗോവർധൻ നാഗറിനെ (28)യാണ് പ്രാദേശിക ബിജെപി നേതാവിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. എഡിറ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം ആക്ഷേപകരമായ പ്രസ്താവന പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരമാണ് കേസെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.