ചെന്നൈ
തമിഴ്നാട്ടിൽ കാലൂന്നാൻ കഴിയാത്ത ബിജെപി വിഭജിച്ച് ഭരിക്കുകയെന്ന പഴയ ബ്രിട്ടീഷ് തന്ത്രവുമായി രംഗത്ത്. തമിഴ്നാടിനെ രണ്ടാക്കി ഒരുഭാഗം കേന്ദ്രഭരണ പ്രദേശമാക്കാനാണ് ആലോചന. സംസ്ഥാനത്തെ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതിനെത്തുടർന്നാണ് ബിജെപി‐ആർഎസ്എസ് നേതൃത്വത്തിന്റെ പുതിയ തന്ത്രം. ആർഎസ്എസ് അനുകൂല തമിഴ്പത്രം ‘ദിനമലർ’ ശനിയാഴ്ച കൊങ്കുനാട് രൂപീകരണത്തെക്കുറിച്ച് മുഖ്യവാർത്ത അവതരിപ്പിച്ച് അതിന് തുടക്കമിട്ടു. ബിജെപി എംഎൽഎയും വനിതാവിഭാഗം ദേശീയ പ്രസിഡന്റുമായ വാനതി ശ്രീനിവാസൻ ട്വിറ്ററിലൂടെ ഇത് ചർച്ചയാക്കി. ഇതോടെ പിന്തുണച്ചും എതിർത്തും ട്വീറ്റുകൾ നിറഞ്ഞു.
തമിഴ്നാടിനെ രണ്ടായിമുറിച്ച് കൊങ്കുനാടിനെ സംഘപരിവാർ ശക്തികേന്ദ്രമാക്കാമെന്ന ചിന്തയിലാണ് ബിജെപി. എഐഎഡിഎംകെ പിന്തുണയോടെ അവിടത്തെ എതിർപ്പ് മറികടക്കാമെന്നും സംഘപരിവാർ കണക്കുകൂട്ടുന്നു. എൽ മുരുകനെ കേന്ദ്രസഹമന്ത്രിയാക്കിയതും ഇത് ലക്ഷ്യമിട്ടാണ്. അതേസമയം, തമിഴകത്തെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയ പാർടികൾ രംഗത്തെത്തി.
എഐഎഡിഎംകെ തുണച്ചാൽ കൊങ്കുനാട്
കോയമ്പത്തൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി ജില്ലകൾ ചേർത്താണ് കൊങ്കുനാട് രൂപീകരിക്കുക. ഈ ജില്ലകളിൽ എഐഎഡിഎംകെയ്ക്കാണ് മുൻതൂക്കം. ഇത് സംസ്ഥാന രൂപീകരണനീക്കത്തിന് അനുകൂലമാകും. 10 ലോക്സഭാ മണ്ഡലവും 61 നിയമസഭാ മണ്ഡലവും ഈ ജില്ലകളിലുണ്ട്. ഇവയെ പുനഃക്രമീകരിച്ച് 90 നിയമസഭാ മണ്ഡലമാക്കാനാണ് തീരുമാനം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് പുതിയ സംസ്ഥാനം രൂപീകരിക്കാനാണ് തീരുമാനമെന്നും ‘ദിനമലർ’ റിപ്പോർട്ട് ചെയ്യുന്നു.