തിരുവനന്തപുരം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ദിവസംകൂടി വിവിധ ജില്ലയിൽ ശക്തമായ മഴയുണ്ടാകും. തിങ്കളാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച മഞ്ഞ അലർട്ടാണ്.
ചൊവ്വാഴ്ചവരെ കേരള, -കർണാടക, -ലക്ഷദ്വീപ് തീരങ്ങളിൽനിന്ന് മീൻപിടിക്കാൻ പോകരുത്. തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിലും ചില സ്ഥലത്ത് 60 കി.മീ വേഗത്തിലും കാറ്റിന് സാധ്യതയുണ്ട്.
കേരളതീരത്ത് 3.6 മീറ്റർവരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം പ്രദേശവാസികൾ മാറി താമസിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. കടലിൽ ഇറങ്ങിയുള്ള വിനോദം പൂർണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.