ന്യൂഡൽഹി > കോവിഡിൽ ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ആരോഗ്യ മന്ത്രാലയത്തിന് മാത്രമായി ഒരു കേന്ദ്രമന്ത്രിയില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക ശക്തം. ഡോ. ഹർഷ്വർധന് പകരം ആരോഗ്യമന്ത്രിയായ മൻസുഖ് മാണ്ഡവ്യക്ക് മറ്റൊരു പ്രധാന വകുപ്പായ രാസവളം–- രാസവസ്തുവിന്റെ ചുമതല കൂടിയുണ്ട്. രാസവസ്തു വകുപ്പ് മരുന്നുകളുമായിക്കൂടി ബന്ധപ്പെട്ടതായതിനാൽ രണ്ടും ഒരാൾ കൈകാര്യം ചെയ്യുന്നതാണ് ഉചിതമെന്ന വാദം മരുന്നുകമ്പനികൾക്കുണ്ട്. എന്നാൽ ഒരേ മന്ത്രി ഇവ കൈകാര്യം ചെയ്യുന്നത് ഭിന്നതാൽപ്പര്യങ്ങൾക്ക് ഇടയാക്കുമെന്ന വിമർശവും ശക്തമാണ്.
കോവിഡ് വ്യാപനം ആരംഭിച്ചപ്പോൾത്തന്നെ ആരോഗ്യ മന്ത്രിക്ക് മറ്റ് ഉത്തരവാദിത്തങ്ങൾ നൽകരുതെന്ന് പല വിദഗ്ധരും നിർദേശിച്ചിരുന്നു. ഹർഷ്വർധന് ശാസ്ത്ര–- സാങ്കേതികം, ഭൗമശാസ്ത്രം വകുപ്പുകളുടെ ചുമതലകൂടിയുള്ള പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാൽ, ഈ നിർദേശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവഗണിച്ചു. ഒന്നാം കോവിഡ് വ്യാപനത്തിനുശേഷം തീവ്രമായ രണ്ടാം വ്യാപനത്തോടെ വകുപ്പുവിഭജനം നടത്താതിരുന്നത് അബദ്ധമായെന്ന ചർച്ച സർക്കാരിലുമുണ്ടായി.
ആദ്യ മന്ത്രിസഭാ അഴിച്ചുപണിയിലെങ്കിലും ആരോഗ്യവകുപ്പിന് മാത്രമായി മന്ത്രിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ പ്രധാനവകുപ്പുകൾ മാത്രമാണ് ഒരു മന്ത്രി മാത്രമായി കൈകാര്യം ചെയ്തിരുന്നത്. രോഗതീവ്രത കണക്കിലെടുത്ത് ഇതേ പ്രാധാന്യംതന്നെ ആരോഗ്യവകുപ്പിനും നൽകേണ്ട ഘട്ടത്തിലാണ് വിരുദ്ധമായുള്ള തീരുമാനം.
ഹർഷ്വർധൻ ബലിയാട് തന്നെ
കോവിഡ് പ്രതിരോധത്തിലെ പാളിച്ചയുടെ എല്ലാ ഉത്തരവാദിത്തവും ഹർഷ്വർധനുമേൽ കെട്ടിവയ്ക്കുകയെന്ന ലക്ഷ്യവും അദ്ദേഹത്തിന്റെ പുറത്താക്കലിലുണ്ട്. രണ്ടാം കോവിഡ് വ്യാപനത്തിന്റെ ദുരിതങ്ങളുടെ ഉത്തരവാദിത്തം പ്രധാനമന്ത്രി കാര്യാലയവും ആഭ്യന്തര മന്ത്രാലയവുമടക്കം മറ്റ് വകുപ്പുകൾക്കുമുണ്ട്. കോവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി കാര്യാലയം മുൻകൈയെടുത്ത് രൂപീകരിച്ച ആറ് ഉന്നതതല സമിതിയിൽ നാലെണ്ണം നയിച്ചിരുന്നത് വകുപ്പുതല സെക്രട്ടറിമാരാണ്. രണ്ടെണ്ണത്തിന് നേതൃത്വം നിതി ആയോഗ് ഉദ്യോഗസ്ഥർക്കും. ആരോഗ്യ മന്ത്രിയായിട്ടും പല പ്രധാന യോഗങ്ങളിലും ഹർഷ്വർധന് ക്ഷണം പോലുമുണ്ടായില്ല.