ന്യൂഡൽഹി > പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ചെന്ന് ആരോപിച്ച് പ്രതിഷേധക്കാർക്കയച്ച നോട്ടീസുകളിൽ തുടർനടപടി സ്വീകരിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതി നിർദേശം. പൊതുമുതൽ നശിപ്പിച്ചവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലാ അധികൃതർ നോട്ടീസയച്ചത്.
ഏകപക്ഷീയവും വിചിത്രവുമാണ് നോട്ടീസെന്ന് ഹർജിക്കാരനായ പർവായിസ് ആരിഫ് ടിട്ടു ആരോപിച്ചു. ആറ് വർഷംമുമ്പ് മരിച്ചവർക്കും 90 വയസ്സ് പിന്നിട്ടവർക്കും നോട്ടീസുകൾ അയച്ചു. 2010ൽ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ ഹർജികളിലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ ആശ്രയിച്ചാണ് നോട്ടീസയച്ചിട്ടുള്ളത്.
എന്നാൽ, ഇത് 2009ലെ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ്. 2009ലെ ഉത്തരവാണ് നിലനിൽക്കുകയെന്ന് 2018ൽ സുപ്രീംകോടതിയും ആവർത്തിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഉത്തരവുകളിലെ വൈരുധ്യങ്ങൾ പരിഹരിക്കുംവരെ തുടർനടപടി പാടില്ലെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് തൽക്കാലം തുടർനടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചത്.